• Fri. Sep 11th, 2026

24×7 Live News

Apdin News

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

Byadmin

Sep 11, 2026



IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10ന് രാവിലെ 10 മണിക്ക് ആരംഭിക്കും. https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. 2026 സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായിട്ടാണ് മേള നടക്കുന്നത്.

പൊതു വിഭാഗത്തിന് ജിഎസ്ടി ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രാവിലെ 10 മണി മുതല്‍ കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ് ലൈനായും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് മുഖേനയായിരിക്കും മേളയില്‍ പ്രവേശനം അനുവദിക്കുക.

ഇത്തവണ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാണ് മേള സംഘടിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ 250 ഡെലിഗേറ്റ് പാസുകള്‍ അനുവദിച്ചിരുന്നത് ഈ വര്‍ഷം മുതല്‍ 500 ആയി ഉയര്‍ത്തും. മേളയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 300 ലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര, മത്സരേതര വിഭാഗങ്ങളിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ്, ഇന്റര്‍നാഷണല്‍ ഫിലിംസ്, റെട്രോസ്‌പെക്റ്റീവ്, ജൂറി ഫിലിംസ് തുടങ്ങി മുപ്പതോളം വിഭാഗങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.

മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, ഇന്‍ കോണ്‍വെര്‍സേഷന്‍, മാസ്റ്റർക്ലാസ്, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.

By admin