വൈശാഖമാസത്തിലെ ശുക്‌ളപക്ഷ ചതുര്‍ദ്ദശി ദിവസമാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും മഹാവിഷ്ണുക്ഷേത്രങ്ങളിലും നരസിംഹ ജയന്തി ഏറെ വിശേഷമായി ആഘോഷിക്കുന്നു.
കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു. അതില്‍ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തത്. പേരുപോലെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്റെ പ്രത്യേകത.
സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടര്‍ന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്‌മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, ആയുധങ്ങള്‍ കൊണ്ട് തന്നെ കൊല്ലരുത് രാവോ പകലോ തന്നെ കൊല്ലരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് എന്ന വരം വാങ്ങി.
എന്നാല്‍ ഹിരണ്യകശിപുവിന് ജനിച്ച പുത്രനാകട്ടെ പരമവിഷ്ണുഭക്തനായ പ്രഹ്ലാദനും. വിഷ്ണുഭക്തിയില്‍ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്‌ക്കാന്‍ ഹിരണ്യകശിപു പല രീതിയില്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്‌ക്കാന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ അസുരന്‍ ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാന്‍ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്‌ക്കുന്നുണ്ടെന്ന് പ്രഹ്ലാദന്‍ അറിയിച്ചു. എങ്കില്‍ തൂണിലിരിക്കുന്ന വിഷ്ണു നിന്നെ രക്ഷിക്കട്ടെ എന്നാക്രോശിച്ച് കൊണ്ട് ഹിരണ്യകശിപു തൂണില്‍ ആഞ്ഞുവെട്ടി.
അപ്പോള്‍ ദിക്കുകളെല്ലാം ഞെട്ടിവിറയ്‌ക്കുന്ന രീതിയില്‍ അട്ടഹാസത്തോടു കൂടി തൂണുപിളര്‍ന്ന് നരസിംഹാവതാരം സംഭവിക്കുകയും സന്ധ്യക്ക് തന്റെ മടിയില്‍ കിടത്തി മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിനെ ആയുധമൊന്നും ഉപയോഗിക്കാതെ തന്റെ നഖങ്ങളാല്‍ മാറുപിളര്‍ന്ന് വധിച്ചു.
പിന്നീട് പ്രഹ്ലാദ സ്തുതികളാല്‍ ശാന്തനായ നരസിംഹമൂര്‍ത്തി തന്റെ ഭക്തനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി. നരസിഹ ജയന്തി ദിനത്തില്‍ പ്രഹ്ലാദ സ്തുതിയാല്‍ ഭഗവാനെ സ്തുതിക്കുന്നവര്‍ക്ക് സര്‍വ പാപ ശമനവും ശത്രു നിവാരണവും ആഗ്രഹ സാധ്യവും ഫലമാകുന്നു. ശത്രുസംഹാരിയും ഭക്തരക്ഷകനുമായ നരസിംഹദേവന്റെ ജന്മ ദിനമായ വൈശാഖ മാസത്തിലെ ശുക്ല ചതുര്‍ദശി ദിനമായ നാളെ തൊഴില്‍ സംബന്ധമായും അല്ലാതെയുമുള്ള ജീവിത പ്രതിബന്ധങ്ങള്‍ അകലുവാനും ശത്രുശല്യം മൂലമുള്ള തടസ്സങ്ങള്‍ അകലുവാനും നരസിംഹ പൂജയോളം ഫലപ്രദമായ മറ്റൊരു വഴിപാടില്ല. നരസിംഹ ജയന്തിയില്‍ നിങ്ങളുടെ പേരിലും പൂജ നടത്താവുന്നതാണ്.
ഉഗ്രനരസിംഹമന്ത്രം
‘ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം’
ശ്രീപരമേശ്വരനാല്‍ വിരചിതമായ ഈ മന്ത്രം പ്രഭാതത്തിലോ സന്ധ്യയിലോ 108 തവണ
ജപിക്കുന്നത് ഉത്തമമാണ്.