പത്തനംതിട്ട: യുപിഎ സര്‍ക്കാരിന്റെ കാലത്തെ 36,000 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതി കേസിലെ പ്രധാന ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവമായ അല്‍ജോ കെ. ജോസഫിനെ സുപ്രീംകോടതി സ്റ്റാന്റിംഗ് കോണ്‍സലായി കേരള സര്‍ക്കാര്‍ നിയമിച്ചതിനു പിന്നില്‍ സോണിയയുടെ ഇടപെടല്‍. മിഷേലിനു വേണ്ടി കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ അല്‍ജോയ്‌ക്ക് സോണിയ നല്‍കിയ പ്രത്യുപകാരമാണ് സ്റ്റാന്റിംഗ് കോണ്‍സല്‍ സ്ഥാനമെന്നാണ് വിമര്‍ശനം. അര്‍ഹരായ നിരവധി പാര്‍ട്ടി അഭിഭാഷകരെ തഴഞ്ഞ്, അല്‍ജോയ്‌ക്ക് പദവി നല്‍കിയതിനെതിരെ അഭിഭാഷകര്‍ക്കിടയിലും അമര്‍ഷമുണ്ട്.
ജൂലൈ എട്ടിനാണ് സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സലായി എം.ആര്‍. രമേശ് ബാബുവിനെയും അല്‍ജോ കെ. ജോസഫ്, പി.എസ്. സുല്‍ഫിക്കര്‍ അലി, ജെയിംസ് പി. തോമസ്, മര്‍സൂഖ് തങ്ങള്‍ എന്നിവരെയും നിയമിച്ചത്.
രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനിന്ന ബ്രിട്ടീഷ് പൗരന്‍ മിഷേലിനു വേണ്ടി സുപ്രീംകോടതിയിലടക്കം ഹാജരായ അല്‍ജോ കെ. ജോസഫിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുണ്ട്്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററിലേത്. രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ 3,600 കോടി ചെലവില്‍ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായിട്ട് കരാറിലേര്‍പ്പെട്ടതാണ് അഴിമതിക്കേസായത്. കരാര്‍ ലഭിക്കാന്‍ 30 മില്യണ്‍ യൂറോ (360 കോടി രൂപ) കമ്പനി ഭാരത ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും നല്‍കി എന്നതാണ് കേസ്.
മിഷേല്‍ ആയിരുന്നു പ്രധാന ഇടനിലക്കാരന്‍. സോണിയയുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹമെന്നും അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായും സോണിയക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നുമുള്ള ആരോപണം ശക്തമായതോടെ കോണ്‍ഗ്രസ് വെട്ടിലായി.
അന്ന് അല്‍ജോ മിഷേലിന്റെ വക്കാലത്ത് എടുത്തത് സോണിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണം വന്നതോടെ അല്‍ജോ കെ. ജോസഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സോണിയയുടേയും രാഹുലിന്റെയും മുഖം രക്ഷിക്കാനായിരുന്നു നീക്കമെന്ന് അന്ന് ബിജെപി ഉയര്‍ത്തിയ ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
പാര്‍ട്ടി തലത്തില്‍ പിന്നീട് അല്‍ജോ കെ. ജോസഫിനെപ്പറ്റി ചര്‍ച്ച ഉണ്ടായില്ല. എന്നാല്‍ ഒരു പതിറ്റാണ്ടിനു ശേഷം അല്‍ജോ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗണ്‍സല്‍ ആയതോടെ വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിക്കുകയാണ്. അഗസ്റ്റ അഴിമതിക്കേസ് ഇപ്പോഴും തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രിസ്റ്റിയന്‍ മിഷേലിനെ 2018-ല്‍ ദുബായില്‍ നിന്ന് ഭാരതത്തില്‍ എത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു.
നിലവില്‍ സിബിഐയും ഇ ഡിയുമാണ് കേസ് അന്വേഷിക്കുന്നത്. ക്രിസ്റ്റ്യന്‍ മിഷേല്‍ ഇപ്പോഴും ജയിലിലാണ്.