• Fri. Nov 27th, 2026

24×7 Live News

Apdin News

‘അച്ഛൻ പിടിച്ച വള്ളി കാരണം വീട്ടിൽ കരി ഓയിൽ പ്രയോഗം വരെ ഉണ്ടായി’; പ്രതിഷേധം ഒത്തുതീർപ്പാക്കിയ കഥ പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

Byadmin

Nov 27, 2026


കൊച്ചി: പിതാവ് ശ്രീനിവാസന്റെ വിവാദ പരാമർശത്തെത്തുടർന്ന് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയ നൂറുകണക്കിന് അങ്കണവാടി പ്രവർത്തകരെ താൻ നേരിട്ട് കണ്ട് സംസാരിച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ.

അച്ഛൻ ഉണ്ടാക്കിയ വിവാദങ്ങൾ കാരണം വീട്ടിലേക്ക് കല്ലേറും കരി ഓയിൽ പ്രയോഗവും വരെ ഉണ്ടായിട്ടുണ്ടെന്നും ധ്യാൻ വെളിപ്പെടുത്തി.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘തേവർ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ‘ഒറിജിനൽസ്’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ പഴയ സംഭവം തമാശരൂപേണ ഓർത്തെടുത്തത്.

“പാവമല്ലേ, വിട്ടേക്കൂ എന്ന് പറഞ്ഞ് ഒത്തുതീർപ്പാക്കി”

“അച്ഛൻ പണ്ടുമുതലേ ഇതുപോലെ പല ‘വള്ളികളും’ പിടിക്കാറുണ്ടായിരുന്നു. സിനിമകളിലൂടെയും പ്രസ്താവനകളിലൂടെയും അച്ഛൻ ഉണ്ടാക്കുന്ന പ്രശ്നങ്ങളൊക്കെ ഒതുക്കിത്തീർത്തിരുന്നത് ഞാനാണ്.

അന്ന് വീടിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്, വീട്ടിൽ കരി ഓയിൽ വരെ ഒഴിച്ച സാഹചര്യമുണ്ടായിട്ടുണ്ട്. അങ്കണവാടി അധ്യാപികമാരെക്കുറിച്ച് അച്ഛൻ നടത്തിയ ഒരു പരാമർശത്തിന് പിന്നാലെ അവരെല്ലാം കൂട്ടത്തോടെ വീട്ടിലേക്ക് ജാഥയായി വന്നു. ഒന്നോ രണ്ടോ ആളുകളല്ല, മുന്നൂറോളം പേരാണ് വീടിന് മുന്നിലെത്തിയത്.

അന്ന് ഞാൻ വീട്ടിലുണ്ടായിരുന്നു. ‘പാവമല്ലേ, അറിയാതെ പറഞ്ഞുപോയതാണ്, വിട്ടേക്കൂ’ എന്നൊക്കെ പറഞ്ഞ് ഞാൻ അവരോട് സംസാരിച്ചു. എല്ലാവർക്കൊപ്പം സെൽഫിയെടുത്തും ചായ വാങ്ങിക്കൊടുത്തുമൊക്കെയാണ് അന്ന് ആ പ്രശ്നം ഞാൻ ഒത്തുതീർപ്പാക്കിയത്.

അച്ഛൻ അന്ന് ശരിക്കും ഒന്ന് പതറിപ്പോയെങ്കിലും മകൻ അത് ഭംഗിയായി കൈകാര്യം ചെയ്തു,” ധ്യാൻ ചിരിയോടെ പറഞ്ഞു.

വിവാദമായ പരാമർശം

ജപ്പാനിലെ പ്ലേ സ്കൂളുകളുമായി കേരളത്തിലെ അങ്കണവാടികളെ താരതമ്യം ചെയ്തുകൊണ്ട് ശ്രീനിവാസൻ നടത്തിയ പ്രസ്താവനയായിരുന്നു അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

ജപ്പാനിൽ സൈക്കോളജി പഠിച്ച അധ്യാപകരാണ് ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതെന്നും, കേരളത്തിൽ വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണ് അങ്കണവാടികളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇതിനെതിരെ സംസ്ഥാന വ്യാപകമായി അങ്കണവാടി പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നിരുന്നു.

‘തേവർ’ ഡിസംബറിൽ തിയേറ്ററുകളിലേക്ക്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തേവർ’. കേരള-തമിഴ്നാട് അതിർത്തിയുടെ പശ്ചാത്തലത്തിൽ വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലുള്ള മൂന്ന് യുവാക്കളുടെ കഥ പറയുന്ന ഒരു ഫാന്റസി കോമഡി എന്റർടെയ്‌നറാണിത്.

തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരിശ്രീ അശോകൻ, സുനിൽ സുഖദ, ഷാജു ശ്രീധർ, മേജർ രവി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, ഐശ്വര്യ മിഥുൻ കോറോത്ത്, പൂജ റാം, ഡാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഹൊറൈസൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ നിർമ്മിക്കുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.







By admin