ഒറിഗോണ്‍: ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രപ്രധാനമായ നേട്ടങ്ങള്‍ സ്വന്തമാക്കി ഭാരതം. പുരുഷ വിഭാഗം ഹൈജമ്പില്‍ ബസന്ത് കുമാര്‍ മേഘ്‌വാള്‍ വെള്ളി മെഡലും ലോങ് ജമ്പില്‍ ഷാ നവാസ് ഖാന്‍ വെങ്കല മെഡലും സ്വന്തമാക്കി. അമേരിക്കയിലെ യുജീനില്‍ നടക്കുന്ന ടൂര്‍ണമെന്റിലാണ് ഭാരത താരങ്ങള്‍ പുതിയ ചരിത്രം കുറിച്ചത്.
ഹൈജമ്പ് ഫൈനലില്‍ 2.21 മീറ്റര്‍ ഉയരം മറികടന്ന് മികച്ച വ്യക്തിഗത പ്രകടനത്തോടെയാണ് രാജസ്ഥാന്‍ സ്വദേശിയായ 19കാരന്‍ വസന്ത് കുമാര്‍ വെള്ളി മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചത്. ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ ഹൈജമ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരതീയ താരമാണ് വസന്ത്. അള്‍ജീരിയയുടെ യൂനസ് അയാച്ചി സ്വര്‍ണ്ണവും യുകെയുടെ ഓട്ടിസ് പൂള്‍ വെങ്കലവും നേടി. പുരുഷന്മാരുടെ ലോങ് ജമ്പില്‍ 7.84 മീറ്റര്‍ ദൂരം ചാടിയാണ് 18കാരനായ ഷാനവാസ് ഖാന്‍ ഭാരതത്തിനായി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരതീയ പുരുഷ താരമെന്ന അപൂര്‍വ നേട്ടവും ഷാനവാസ് ഖാന്‍ സ്വന്തം പേരില്‍ കുറിച്ചു.
ആതിഥേയര്‍ ഒന്നാമത്
ഒറിഗോണ്‍: അണ്ടര്‍20 അത്‌ലറ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ പട്ടികയില്‍ ആതിഥേയരായ അമേരിക്ക ഒന്നാമതെത്തി. 8 സ്വര്‍ണവും 6 വെള്ളിയും 4 വെങ്കലവും ഉള്‍പ്പെടെ ആകെ 18 മെഡലുകള്‍ നേടിയാണ് അമേരിക്ക ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മൂന്ന് സ്വര്‍ണവും രണ്ട് വെങ്കലവും നേടിയ ഇറ്റലിയാണ് രണ്ടാം സ്ഥാനക്കാര്‍. ഭാരതം 20-ാം സ്ഥാനത്താണ്.