പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി ഇന്ത്യ. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഒരു വിക്കറ്റിനാണ് ഇന്ത്യൻ യുവനിരയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്.
ഇതേ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനോട് ഏറ്റുവാങ്ങിയ മൂന്ന് വിക്കറ്റ് തോൽവിക്ക് പകരം വീട്ടിയാണ് ഇന്ത്യയുടെ കിരീട നേട്ടം. ഇന്ത്യ ഒമ്പതാം തവണയാണ് അണ്ടർ 19 ഏഷ്യ കപ്പ് നേടുന്നത്.


കിരീടം നേടിയ ഇന്ത്യൻ ടീമിൽ യുവതാരം വൈഭവ് സൂര്യവംശിക്ക് എന്തുകൊണ്ട് അവസരം ലഭിക്കുന്നില്ലെന്ന ചോദ്യം ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ടാവും. വൈഭവിന് അണ്ടർ 19 ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത് ബി.സി.സി.ഐയുടെ പ്രത്യേക നിയമമാണ്.
2016 മുതൽ ഒരു താരത്തിന് ഒന്നിലധികം അണ്ടർ 19 ലോകകപ്പുകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന ബിസിസിഐയുടെ നിയമമാണ് വൈഭവിന് ടീമിൽ സ്ഥാനം നഷ്ടമായത്. ഈ നിയമപ്രകാരം വാഷിംഗ്ടൺ സുന്ദറിന് 2018ലെ അണ്ടർ 19 ലോകകപ്പിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല.


എന്നാൽ ഇതിന് മുമ്പ് സർഫറാസ് ഖാൻ, സന്ദീപ് ശർമ്മ, വിജയ് സോൾ തുടങ്ങിയ താരങ്ങൾ ഒന്നിലധികം അണ്ടർ 19 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്.
വൈഭവ് 2026 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ചിട്ടുള്ളതിനാൽ മറ്റൊരു അണ്ടർ 19 ടൂർണമെന്റുകളിൽ കളിയ്ക്കാൻ താരത്തിന് സാധിക്കില്ല.
അതേസമയം, ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ ലക്ഷ്യരാജേഷ് റായ് ചന്ദനി, ആര്യവീർ സെവാഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം. ഇന്ത്യൻ ക്യാപ്റ്റൻ 80 റൺസ് നേടിയപ്പോൾ ആര്യവീർ 58 റൺസ് സ്വന്തമാക്കി. മനൽ ചൗഹാൻ 47 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെ 49 റൺസ് നേടിയ മോഹിത് ഉൽവയും ഇന്ത്യയുടെ ആവേശ വിജയത്തിൽ നിർണായകമായി.
ഫൈനലിലെ താരവും മോഹിത് ആണ്. അണ്ടർ 19 ഏഷ്യ കപ്പിന്റെ ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന എട്ടാമത്തെ ഇന്ത്യൻ താരമാണ് മോഹിത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഓപ്പണർ ഉസ്മാൻ ഖാൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും അബ്ദുൾ ഖാദിർ, ക്യാപ്റ്റൻ ഫർഹാൻ യൂസഫ് എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിലാണ് വമ്പൻ സ്കോർ പടുത്തുയർത്തിയത്