• Sun. Nov 15th, 2026

24×7 Live News

Apdin News

കുട്ടികളിലെ ടൈപ്പ്-1 പ്രമേഹം: ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം, ജീവൻ രക്ഷിക്കാം

Byadmin

Nov 14, 2026


മധുരമുള്ള ഓർമ്മകളുടെയും കളിചിരികളുടെയും കാലമാണ് ബാല്യം. എന്നാൽ ‘പ്രമേഹം’ എന്ന വാക്ക് ഒരു കുഞ്ഞിന്റെ പേരിനൊപ്പം ചേർത്തുകേൾക്കുമ്പോൾ പലരും ആദ്യം പഴിക്കുന്നത് കുട്ടി കഴിക്കുന്ന മധുരപലഹാരങ്ങളെയാകാം. യാഥാർഥ്യമെന്തെന്നാൽ കുട്ടികളിൽ കണ്ടുവരുന്ന ടൈപ്പ്-1 പ്രമേഹത്തിന് അമിതമായ മധുരമോ, അനാരോഗ്യകരമായ ഭക്ഷണശീലമോ, വ്യായാമക്കുറവോ ആയി യാതൊരു ബന്ധവുമില്ല. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ തന്നെ പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഇല്ലാതാവുകയും ചെയ്യുന്ന പ്രമേഹ രോഗാവസ്ഥയാണിത്. ഏത് പ്രായക്കാരെയും ഇത് ബാധിക്കാമെങ്കിലും കുട്ടികളിലും യുവാക്കളിലുമാണ് പ്രധാനമായും കണ്ടുവരുന്നത്.

ടൈപ്പ്-2 പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമായി അമിതമായി മധുരം കഴിക്കുന്നതുകൊണ്ടോ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കൊണ്ടോ, വ്യായാമക്കുറവ് കൊണ്ടോ അല്ല കുട്ടികളിൽ ടൈപ്പ്-1 പ്രമേഹം ഉണ്ടാകുന്നത് എന്ന വസ്തുത മാതാപിതാക്കൾ പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്.

തുടക്കത്തിലേ തിരിച്ചറിയേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ

ടൈപ്പ്-1 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ അവബോധം ഉണ്ടായിരിക്കണം. താഴെ പറയുന്ന ലക്ഷണങ്ങൾ കുട്ടികളിൽ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്:

അമിതമായ ദാഹം: സാധാരണയിൽ കവിഞ്ഞ് തുടർച്ചയായി വെള്ളം കുടിക്കാൻ തോന്നുക.

ഇടയ്ക്കിടെ മൂത്രമൊഴിക്കുക: സാധാരണയേക്കാൾ കൂടുതൽ തവണ മൂത്രമൊഴിക്കുക. മൂത്രശങ്ക നിയന്ത്രിക്കാൻ സാധിക്കാതെ കുട്ടികൾ ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നത് ഒരു പ്രധാന സൂചനയാണ്.

അമിതമായ വിശപ്പ്: നന്നായി ആഹാരം കഴിച്ചാലും വീണ്ടും വിശപ്പ് അനുഭവപ്പെടുക.

ശരീരഭാരം കുറയുക: വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ കുട്ടിയുടെ ശരീരഭാരം പെട്ടെന്ന് കുറയുക.

അമിതമായ ക്ഷീണം: എപ്പോഴും തളർച്ചയും ഉന്മേഷക്കുറവും അനുഭവപ്പെടുക.

ഈ ലക്ഷണങ്ങൾ കണ്ടാലുടൻ കുട്ടിയെ ഡോക്ടറെ കാണിച്ച് പരിശോധിക്കണം. വളരെ ലളിതമായ ഒരു രക്തത്തിലെ ഗ്ലൂക്കോസ് പരിശോധനയിലൂടെ പ്രമേഹം ഉണ്ടോ എന്ന് എളുപ്പത്തിൽ നിർണ്ണയിക്കാൻ സാധിക്കും.

രോഗനിർണ്ണയം വൈകിയാലുള്ള അപകടങ്ങൾ

രോഗലക്ഷണങ്ങൾ തിരിച്ചറിയാനോ ചികിത്സ തേടാനോ വൈകുന്നത് ഡയബറ്റിക് കീറ്റോഅസിഡോസിസ് (ഡി.കെ.എ) എന്ന അതീവ ഗുരുതരവും ജീവന് തന്നെ ഭീഷണിയായേക്കാവുന്നതുമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.

ഛർദ്ദി, കഠിനമായ വയറുവേദന, നിർജ്ജലീകരണം, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, അമിതമായ ഉറക്കം തൂങ്ങൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം നേരത്തെ കണ്ടെത്തുകയും കൃത്യസമയത്ത് ചികിത്സ ആരംഭിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം സങ്കീർണ്ണതകൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.

ചികിത്സയും ആധുനിക സാങ്കേതികവിദ്യകളും

ടൈപ്പ്-1 പ്രമേഹമുള്ള കുട്ടികളുടെ ജീവൻ നിലനിർത്തുന്നതിന് ഇൻസുലിൻ അത്യന്താപേക്ഷിതമായതിനാൽ, അവർക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമാണ്. കൃത്യമായ ഇൻസുലിൻ ഉപയോഗം, പതിവായുള്ള രക്തത്തിലെ പഞ്ചസാരയുടെ പരിശോധന, ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, കുടുംബത്തിന്റെ സ്നേഹപൂർണ്ണമായ പിന്തുണ എന്നിവയിലൂടെ ഈ കുട്ടികൾക്ക് തികച്ചും ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതം നയിക്കാൻ സാധിക്കും.

ഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ടായ പുതിയ മുന്നേറ്റങ്ങൾ പ്രമേഹ നിയന്ത്രണം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കിയിട്ടുണ്ട്. കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സി.ജി.എം), ഇൻസുലിൻ പമ്പുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ കുട്ടികളിലെ പ്രമേഹ പരിചരണം ഏറെ സുഗമമാക്കുന്നു.

പിന്തുണയോടെ കൂടെനിൽക്കാം; ആരോഗ്യമുള്ള ബാല്യത്തിനായി

പ്രമേഹമുണ്ടെന്ന കാരണം കൊണ്ട് ഒരു കുട്ടിയെയും സ്കൂളിൽ പോകുന്നതിൽ നിന്നോ, കായികവിനോദങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നോ, മറ്റ് സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നോ ഒരിക്കലും വിലക്കരുത്. അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളെ പരിചരിക്കുന്നവർക്കും ഈ രോഗാവസ്ഥയെക്കുറിച്ച് ശരിയായ അറിവുണ്ടായിരിക്കണം. പ്രമേഹമുള്ള കുട്ടികളെ എങ്ങനെ പിന്തുണയ്ക്കണമെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ എങ്ങനെ നൽകണമെന്നും ഇവർ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതിലൂടെയും, സമയബന്ധിതമായി വൈദ്യസഹായം തേടുന്നതിലൂടെയും, കൃത്യമായി ഇൻസുലിൻ ലഭ്യമാക്കുന്നതിലൂടെയും നമുക്ക് നിരവധി ടൈപ്പ്-1 പ്രമേഹമുള്ള കുട്ടികൾക്ക് ആരോഗ്യകരമായ ബാല്യം ഉറപ്പാക്കാനും സാധിക്കും.

ശ്രദ്ധിക്കുക: നാം ഗൗരവത്തോടെ കാണേണ്ടതും കരുതൽ നൽകേണ്ട പ്രധാന വിഷയമാണ് കുട്ടികളിലെ അമിതവണ്ണം ടൈപ്പ്-2 പ്രമേഹത്തിലേക്ക് നയിക്കുന്ന സാഹചര്യം.

തയ്യാറാക്കിയത്;

Dr. Dhanya S M
Senior Specialist – Paediatric Endocrinologist
Aster MIMS Kozhikode







By admin