ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത് പോലെ മുഹമ്മദ് ഷമിയും തിരിച്ചുവരവ് നടത്തുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുന്ന ഷമി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നും റെയ്‌ന വ്യക്തമാക്കി.
‘അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തണം. ഭുവനേശ്വർ കുമാർ ടീമിലേക്ക് തിരിച്ചെത്തിയത് കാണുന്നത് വളരെ സന്തോഷകരമാണ്. ഇപ്പോൾ ഭുവി തിരിച്ചുവരവ് നടത്തിയതോടെ ഷമിയും തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അദ്ദേഹം ഒരുപാട് വിക്കറ്റുകൾ നേടിയിട്ടുണ്ട്. മികച്ച ബൗളറാണ് അദ്ദേഹം. 2023 ലോകകപ്പിലെ അദ്ദേഹത്തിന്റെ ബൗളിംഗ് മികച്ചതായിരുന്നു. ഇന്ത്യൻ ടീമിലേക്ക് അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു’ റെയ്‌ന സ്പോർട്സ് നൗവിലൂടെ പറഞ്ഞു.
2025ലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലായിരുന്നു ഷമിയുടെ അവസാന ഏകദിനം. ടെസ്റ്റിൽ 2023 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ഷമി മികച്ച ഫോമിലാണ് കളിക്കുന്നത്.


2025-26 രഞ്ജി ട്രോഫിയിൽ: 7 മത്സരങ്ങളിൽ നിന്ന് 16.72 ശരാശരിയിൽ 37 വിക്കറ്റുകൾ നേടിയ ഷമി 2025-26 വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനുമായിരുന്നു. 7 മത്സരങ്ങളിൽ 24.53 ശരാശരിയിലും 6.09 ഇക്കോണമിയിലും 15 വിക്കറ്റുകൾ ആണ് ഷമി വീഴ്ത്തിയത്. 2026 ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി 3 മത്സരങ്ങളിൽ നിന്ന് 26.57 ശരാശരിയിൽ 7 വിക്കറ്റുകളും താരം നേടി.
അതേസമയം, ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് ഭുവനേശ്വർ കുമാറിന് വീണ്ടും വിളിയെത്തിയത്. 2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഭുവനേശ്വർ ഇടം നേടിയത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.