ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കെടുക്കാനെത്തിയ സി.ജെ.പി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ആരോപണം. സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക, രത്‌ന സിങ് എന്നിവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന് സംഘടനയുടെ ദേശീയ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ പറഞ്ഞു.
എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് നേതാക്കൾക്കൊപ്പം സുർജിത് ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത ഭൂരിഭാഗം പേരെയും പൊലീസ് വിട്ടയച്ചു. സിജെപി നേതാക്കൾ ഒഴികെ തടങ്കൽ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും മോചിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിയമനടപടികൾ തുടരുന്നതിനാൽ സി.ജെ.പി നേതാക്കൾ കസ്റ്റഡിയിൽ തന്നെ തുടരും.
അതിനിടെ, കസ്റ്റഡിയിലുള്ള അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി മരണപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നുവെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പോലീസ് വ്യക്തമാക്കി. സമരത്തെ തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ പിൻവലിച്ചു. ട്രെയിനുകൾ സാധാരണ നിലയിൽ സർവീസ് നടത്തുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. ഡൽഹി മെട്രോയുടെ അടച്ചിട്ടിരുന്ന 45 സ്റ്റേഷനുകളും വീണ്ടും തുറന്നുവെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി.