മാവേലിക്കര: അന്തരിച്ച പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് മിന്നുന്ന വിജയം.
കേരള സർവകലാശാല നടത്തിയ എം.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയിലാണ് മൈത്രേയിക്ക് മൂന്നാം റാങ്ക് ലഭിച്ചത്. അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥിനിയാണ് മൈത്രേയി.
തന്റെ ഈ വിജയം പ്രിയപ്പെട്ട അച്ഛന്റെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിലാണ് മൈത്രേയി സമർപ്പിച്ചിരിക്കുന്നത്. അച്ഛന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റി മകൾ വിജയത്തിന്റെ ഉയരങ്ങളിലേക്ക് പറക്കുമ്പോൾ ഒരു നാട് മുഴുവൻ ഈ സന്തോഷത്തിലാണ്. അനിൽ പനച്ചൂരാന്റെ മകൾ എന്ന നിലയിലുള്ള മേൽവിലാസത്തിനപ്പുറം, സ്വന്തം കഠിനാധ്വാനം കൊണ്ടാണ് മൈത്രേയി ഈ നേട്ടം കൈവരിച്ചത്.
2021 ജനുവരി 3 ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ അനില്‍ വഴിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മാവേലിക്കര വി.എസ്.എം ആശുപത്രിയിലും തുടര്‍ന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.