• Mon. Apr 20th, 2026

24×7 Live News

Apdin News

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

Byadmin

Apr 20, 2026


ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാനിൽ നിശ്ചയിച്ചിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ഇരട്ടത്താപ്പും വിശ്വാസ്യതയില്ലായ്‌മയുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്.

സമാധാന ചർച്ചകളിൽ നിന്ന് പിന്തിരിയാൻ ഇടയാക്കിയ പ്രധാന കാരണങ്ങൾ ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ യുഎസ് തുടരുന്ന നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. അമേരിക്കയുടെ അതിരുകവിഞ്ഞ ആവശ്യങ്ങളും യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളും ചർച്ചകളെ അർത്ഥശൂന്യമാക്കുന്നു. അമേരിക്കയുടെ നിരന്തരമായ നിലപാട് മാറ്റങ്ങൾ ചർച്ചകളുടെ അന്തരീക്ഷം തകർത്തു.

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ യുഎസ് പിടിച്ചെടുത്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ച ‘ടൗസ്ക’ എന്ന കപ്പലാണ് എൻജിൻ റൂം തകർത്ത് യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ഇറാൻ പ്രഖ്യാപിച്ചു. വിമാനവാഹിനിക്കപ്പലിനോട് കിടപിടിക്കുന്ന 900 അടി നീളമുള്ള ടൗസ്ക എന്ന കപ്പലാണ് ഒമാൻ കടലിടുക്കിൽ വച്ച് യുഎസ്എസ് സ്പ്രുവാൻസ് തടഞ്ഞത്. നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇറാൻ ക്രൂ തയ്യാറാകാത്തതിനെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിലേക്ക് വെടിയുതിർത്ത് കപ്പൽ പിടിച്ചെടുക്കുകയായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

അമേരിക്ക മുന്നോട്ടുവെക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ എല്ലാ ഊർജ്ജനിലയങ്ങളും പാലങ്ങളും തകർക്കും എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

 



By admin