• Thu. May 7th, 2026

24×7 Live News

Apdin News

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Byadmin

May 7, 2026


അമ്പലപ്പുഴ: സിപിഎം സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് മത്സരരംഗത്തിറങ്ങിയിട്ടും അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ വലിയ ഭൂരിപക്ഷത്തിന് വിജയിച്ചത് പാര്‍ട്ടി വോട്ടുകള്‍ വലിയതോതില്‍ മറിഞ്ഞതിനാല്‍. ഇരുപതിനായിരത്തോളം വോട്ടുകള്‍ ഇടതുപക്ഷത്ത് നിന്ന് സുധാകരന് ലഭിച്ചതായാണ് വിലയിരുത്തല്‍. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയമുഖമായ എസ്ഡിപിഐയുടെയും, മദനിയുടെ പിഡിപിയുടെയും പരസ്യപിന്തുണയോടെ മത്സരിച്ചതാണ് സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണം. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും, അനുഭാവികളുടെയും വോട്ടുകള്‍ സുധാകരന് ലഭിച്ചു.

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്ക് എതിരായാണ് തന്റെ പോരാട്ടമെന്ന സുധാകരന്റെ പ്രഖ്യാപനം സിപിഎം അണികള്‍ ഏറ്റെടുത്തു. സിപിഎമ്മിലെ ഒരു വിഭാഗത്തെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എംഎല്‍എയുടെയും ജില്ലാ കമ്മറ്റിയംഗത്തിന്റെയും നേതൃത്വത്തില്‍ വേട്ടയാടിയതിന് എതിരായ വികാരവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി സമൂഹമാദ്ധ്യമത്തില്‍ കുറിപ്പിട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

നിലവില്‍ ബിജെപിയെ പഴി ചാരി മുഖം രക്ഷിക്കാനാണ് ഇടതുസ്ഥാനാര്‍ത്ഥി എച്ച്. സലാമും, സിപിഎമ്മും ശ്രമിക്കുന്നത്. എന്നാല്‍ സിപിഎം പക്ഷത്ത് നിന്ന് ഇരുപതിനായിരത്തോളം വോട്ടുകള്‍ സുധാകരന് പോയതിനെ കുറിച്ച് മൗനം പാലിക്കുകയാണ്. മതവികാരം ഇളക്കിവിട്ട് വോട്ട് നേടാനുള്ള ഇടതുപക്ഷത്തിന്റെ നീക്കമാണ് ഫലത്തില്‍ തിരിച്ചടിയായത്. 139 മണ്ഡലങ്ങളിലും പരാജയപ്പെട്ടാലും അമ്പലപ്പുഴയില്‍ പരാജയപ്പെടരുതെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ എല്ലാവിധ കണക്കുകൂട്ടലുകളും തെറ്റിച്ച് സുധാകരന്‍ വലിയ വിജയം നേടി.

യുഡിഎഫ് പിന്തുണയില്‍ മത്സരിച്ച ജി. സുധാകരന് 75184 വോട്ടുകളാണ് ലഭിച്ചത്. സിപിഎമ്മിന്റെ എച്ച്. സലാമിന് ലഭിച്ചത് 47249 വോട്ടുകള്‍ മാത്രമാണ് 27935 വോട്ടുകളുടെ ഭൂരിപക്ഷമാണ് സുധാകരന് ലഭിച്ചത്. ബിജെപിയുടെ അരുണ്‍ അനിരുദ്ധന് 16348 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ എച്ച് സലാമിന് 61365 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ 14116 വോട്ടുകളുടെ കുറവാണുണ്ടായത്. സിപിഎമ്മില്‍ നിന്നും ഇടതുപക്ഷത്ത് നിന്നും സുധാകരന് വോട്ട് ലഭിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണ എന്‍ഡിഎയുടെ അനൂപ് ആന്റണിക്ക്് 22,389 വോട്ടുകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം ഭരണത്തുടര്‍ച്ച നേടിയ പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലെ ബൂത്തുകളില്‍ പോലും ജി. സുധാകരനാണ് മുന്‍തൂക്കം. എച്ച്. സലാം വോട്ട് ചെയ്ത വണ്ടാനം മെഡിക്കല്‍ കോളജ് 126-ാം നമ്പര്‍ ബൂത്തിലും മുന്‍ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ കുടുംബവും, സുധാകരനും വോട്ട് ചെയ്ത പറവൂര്‍ ഗവ.എച്ച്എസിലെ ബൂത്തിലും എച്ച്. സലാം പിന്നിലായി. വിഎസ് മരിച്ചതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന സഹതാപ തരംഗവും സിപിഎമ്മിന് ഗുണം ചെയ്തില്ല.

ജി. സുധാകരന്‍ പാര്‍ട്ടിക്കു വെല്ലുവിളി ഉയര്‍ത്തി ജനകീയ സ്വതന്ത്രനായി മത്സരരംഗത്തുവന്നപ്പോള്‍ വര്‍ഗവഞ്ചകന് മാപ്പില്ല എന്ന ബാനര്‍ ഉയര്‍ത്തി പാര്‍ട്ടി പറവൂരില്‍ സംഘടിപ്പിച്ച റാലിയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും, ഇതൊന്നും വോട്ടായില്ലെന്നതാണ് തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. വര്‍ഗവഞ്ചകനെന്ന് സിപിഎം മുദ്രകുത്തിയ സുധാകരനെ വലിയ ഭൂരിപക്ഷത്തിന് സിപിഎം അണികളും അനുഭാവികളും വിജയിപ്പിച്ചു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായി മുന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ ലഭിക്കാത്ത ഭൂരിപക്ഷമാണ് ഇപ്പോള്‍ സുധാകരന് ലഭിച്ചിരിക്കുന്നത്. 2011 ല്‍ 16,580ഉം 2016ല്‍ 22,621 ഉം വോട്ടിന്റെ ഭൂരിപക്ഷമാണ് സുധാകരന്‍ നേടിയത്. ഇതിനെ ഇത്തവണ മറികടന്നു.



By admin