കൊച്ചി: താര സംഘടന അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി.സംഘടനയെ കോടതി കയറ്റാന്‍ താത്പര്യമില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്.കടിച്ച് തൂങ്ങിക്കിടക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
നടി ശ്വേത മേനോന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം താത്കാലികമായി എറണാകുളം മുന്‍സിഫ് കോടതി വിലക്കിയിരുന്നു.ശ്വേതയുടെ നേതൃത്വത്തിലുളള കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്നും കോടതി പറഞ്ഞു.
അമ്മ സംഘടനയുടെ ജൂണ്‍ 21 ന് നടന്ന വാര്‍ഷിക പൊതുയോഗത്തിന് പിന്നാലെ ശ്വേത മേനോന്‍ പ്രസിഡന്റ് ആയ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നു.പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു.കഴിഞ്ഞ ദിവസം കൊച്ചിയില്‍ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം, രാജി പ്രഖ്യാപിച്ച ശ്വേത മേനോന്‍ അടക്കം അമ്മയ്‌ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ ബി ഗണേഷ് കുമാറും കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍ ഫേസ്ബുക്ക് കുറിപ്പിട്ടു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.