കൊച്ചി: അമ്മ അഡ്ഹോക് കമ്മിറ്റിക്കെതിരെ നടി ശ്വേതാമോനോൻ നൽകിയ കേസിൽ നടി അൻസിബ ഹസൻ കക്ഷി ചേരും. ഇതിനായി എറണാകുളം മുൻസിഫ് കോടതിയിൽ അൻസിബ അപേക്ഷ നൽകി. അഡ് ഹോക്ക് കമ്മിറ്റിക്ക് കോടതി താത്ക്കാലിക വിലക്ക് എർപ്പെടുത്തിയിരുന്നു. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും.
അഡ്ഹോക് കമ്മിറ്റി പ്രവർത്തിക്കുന്നത് അമ്മ ബൈലോ പ്രകാരം നിയമസാധുത ഇല്ലെന്നും കമ്മിറ്റിയുടെ പ്രവർത്തനം നിർത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ശ്വേതാ മേനോൻ മുൻസിഫ് കോടതിയെ സമീപിച്ചത്. ഈ കേസിൽ എതിർകക്ഷിയായി രമേഷ് പിഷാരടിയെയാണ് കോടതി ചേർത്തത്. തുടർന്ന് കമ്മിറ്റിക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവ് വന്നതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും രമേഷ് പിഷാരടി രാജി വച്ചിരുന്നു. അമ്മ സംഘടനയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.
പുതിയ കമ്മിറ്റി വരുന്നതു വരെ ശ്വേതകമ്മിറ്റി തുടരട്ടേയെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. നിലവിൽ സിനിമാ സംഘടനയായ അമ്മ കമ്മിറ്റി ഇല്ലെന്നും ഇത് തന്നെയും ബാധിക്കും എന്ന് പറഞ്ഞാണ് അൻസിബ കക്ഷിചേരാൻ അപേക്ഷ നൽകിയത്.