• Wed. Aug 5th, 2026

24×7 Live News

Apdin News

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

Byadmin

Aug 5, 2026


കൊച്ചി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണം കേവലം ഒരു മതപരമായ ആരാധനാലയത്തിന്റെ പുനര്‍നിര്‍മാണമായി കാണരുതെന്നും മറിച്ച് ആയിരക്കണക്കിന് വര്‍ഷത്തെ അടിമത്വത്തിന്റെ അപകര്‍ഷതാബോധത്തില്‍ നിന്ന് രാജ്യത്തിന് മോചനം നല്‍കിയ ദേശീയ സ്മാരകമാണെന്നും ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍. വിശ്വസംവാദകേന്ദ്രം കേരളത്തിന്റെ (വിഎസ്‌കെ കേരളം) പ്രചാരണമാസത്തിന്റെ ഭാഗമായി ശ്രീജിത്ത് നരിപ്പറ്റയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 15 വരെയാണ് വിഎസ്‌കെയുടെ പ്രചാരപക്ഷം നടക്കുന്നത്.

ചരിത്രത്തിലെ ആക്രമണങ്ങളെയും അയോദ്ധ്യ പ്രക്ഷോഭത്തെയും കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ബാബറി മസ്ജിദിന്റെ കാര്യത്തില്‍ അക്രമം നടത്തിയവര്‍ മുസ്ലിം മതവിഭാഗത്തില്‍ ഉള്ളവരായതുകൊണ്ട് മാത്രമാണ് അതിനെ എതിര്‍ത്തത് എന്ന വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. സാങ്കല്പികമായി അത് ഹിന്ദു പേരുകളില്‍ വന്ന ഒരു രാജാവാണെങ്കില്‍ പോലും രാഷ്‌ട്രവിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും സമീപനം അതുതന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗുരുജി ഒരിക്കല്‍ പറഞ്ഞിട്ടുള്ളത് പോലെ, ഹിന്ദു സമൂഹം തന്നെ ഈ രാഷ്‌ട്രത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പിന്നെ നമ്മള്‍ എന്തിന് ഹിന്ദു സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. സംഘത്തിന്റെ മുന്നിലെ ഉപാസനാമൂര്‍ത്തി രാഷ്‌ട്രദേവതയാണ്. ബാക്കിയെല്ലാം അതിന്റെ പിന്നാലെ വരുന്ന വിഷയങ്ങളാണ്. രാഷ്‌ട്രവിരുദ്ധതയാണ് സംഘത്തിന്റെ മുന്നിലെ പ്രശ്‌നം, അല്ലാതെ മതമല്ല. അതിനാല്‍ സര്‍ട്ടിഫിക്കറ്റിലെ കാറ്റഗറി നോക്കി ആര്‍ക്കും പ്രത്യേക ഔദാര്യമോ ഒഴിവുകളോ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന കാഴ്ചപ്പാടാണ് സംഘത്തിനുള്ളത്. അതൊരു മതപരമായ സങ്കല്‍പ്പമല്ലേയല്ല. മറിച്ച് ഈ രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും പ്രതിനിധീകരിക്കുന്ന ‘ഭാരതീയന്‍’ എന്ന വാക്കിന്റെ പര്യായമാണ്. ആരാധനാക്രമങ്ങള്‍ എന്തുമാകാം, എന്നാല്‍ സംസ്‌കാരവും പാരമ്പര്യവും പൊതുവാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരമ്മയുടെ മക്കളായി കാണുന്ന കാഴ്ചപ്പാടാണ് ആര്‍എസ്എസിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിന്റെ മുഴുവന്‍ ഭാഗം  https://www.youtube.com/watch?v=29DleHcTsHgഈ ലിങ്കില്‍ ലഭ്യമാണ്.



By admin