• Fri. Sep 11th, 2026

24×7 Live News

Apdin News

അരങ്ങേറ്റത്തിൽ തന്നെ വിസ്മയം: 150 റൺസുമായി ലോക റെക്കോഡ് തൂക്കി ദക്ഷിണാഫ്രിക്കൻ താരം

Byadmin

Sep 11, 2026


വിൻഡ്‌ഹോക്ക്: ഏകദിന ക്രിക്കറ്റ് അരങ്ങേറ്റത്തിൽ കൂറ്റൻ സ്കോറുമായി ദക്ഷിണാഫ്രിക്കൻ താരം ജോർദാൻ ഹെർമാൻ. നമീബിയക്കെതിരായ ഒന്നാം ഏകദിനത്തിലാണ് 126 പന്തിൽ നിന്ന് 150 റൺസെടുത്ത് ഹെർമാൻ തിളങ്ങിയത്. മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് (DLS) നിയമപ്രകാരം 99 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.

ഓപ്പണറായി ഇറങ്ങിയ ജോർദാൻ ഹെർമാൻ ശ്രദ്ധയോടെയാണ് ബാറ്റിങ് ആരംഭിച്ചത്. 22-ാം ഓവറിൽ അർധസെഞ്ചുറി തികച്ച താരം, പിന്നീട് കടന്നാക്രമിക്കുന്ന ശൈലിയിലേക്ക് മാറി. രണ്ടാം വിക്കറ്റിൽ ടോണി ഡി സോർസിയെ (72) കൂട്ടുപിടിച്ച് 190 റൺസിന്റെ സഖ്യമാണ് ഹെർമാൻ പടുത്തുയർത്തിയത്. പിന്നാലെ 93-ാം പന്തിൽ സെഞ്ചുറി പിന്നിട്ട താരം, തുടർന്നുള്ള 33 പന്തുകളിൽ നിന്ന് അടുത്ത 50 റൺസും അടിച്ചെടുത്ത് 150 തികച്ചു.

126 പന്തിൽ 17 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് താരം 150 റൺസെടുത്തത്. ഇതോടെ ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോഡിനൊപ്പം ഹെർമാൻ എത്തിച്ചേർന്നു. ഏകദിന അരങ്ങേറ്റത്തിൽ 150 റൺസെടുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് 24-കാരനായ ഈ ഓപ്പണർ. സഹതാരം മാത്യു ബ്രീറ്റ്‌സ്‌ക്കെയാണ് ഇതിനുമുമ്പ് അരങ്ങേറ്റത്തിൽ 150 റൺസെടുത്ത ലോകത്തിലെ ആദ്യ ബാറ്റർ. കൂടാതെ, അരങ്ങേറ്റത്തിൽ ഏറ്റവും വേഗത്തിൽ (126 പന്തിൽ) 150 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടവും ഹെർമാൻ സ്വന്തമാക്കി.

ഹെർമാന്റെ മിന്നൽ ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 50 ഓവറിൽ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയ്ക്ക് തുടക്കത്തിലേ തകർച്ച നേരിട്ടു. നമീബിയ 31 ഓവറിൽ 162-8 എന്ന നിലയിൽ നിൽക്കെ കനത്ത മഴ പെയ്തതോടെ മത്സരം തടസ്സപ്പെട്ടു. തുടർന്ന് വിജയികളെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം നിർണ്ണയിക്കുകയായിരുന്നു.







By admin