• Sun. Nov 8th, 2026

24×7 Live News

Apdin News

അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള ഗാഡി ഐസൻകോട്ടിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഇസ്രയേല്‍ പ്രസിഡന്‍റ്; വീഴുമോ നെതന്യാഹു?

Byadmin

Nov 8, 2026



ജെറുസലെം: ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്, പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടിനെ അടുത്ത സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള ഗാഡി ഐസന്‍ കോട്ടിനെ പ്രധാനമന്ത്രിയാകാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

ഇതിലൂടെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രധാന എതിരാളിക്ക്, ഒരു സഖ്യം രൂപീകരിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കുകയാണ്. ഒക്ടോബർ 27-ലെ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ, നവംബർ 8 ഞായറാഴ്ച വൈകുന്നേരം 5:00-ന് ജറുസലേമിലെ പ്രസിഡന്‍റിന്റെ വസതിയിൽ വെച്ച് ഔദ്യോഗിക നിയമനം നടക്കും.

മുൻ സൈനിക മേധാവിയും ‘യാഷാർ’ (Yashar) പാർട്ടിയുടെ തലവനുമായ ഐസൻകോട്ടിന് സഖ്യം രൂപീകരിക്കാൻ 28 ദിവസത്തെ സമയപരിധിയുണ്ട്; ആവശ്യമെങ്കിൽ ഇത് 14 ദിവസം കൂടി നീട്ടിനൽകാവുന്നതാണ്.

നെതന്യാഹുവിന്റെ പക്ഷത്തിന് 46 നിയമസഭാംഗങ്ങളുടെ (എം.കെ) പിന്തുണ ലഭിച്ചപ്പോൾ, ഐസൻകോട്ടിന് 67 നിയമസഭാംഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളുടെ പിന്തുണ ലഭിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രതിപക്ഷ പക്ഷത്തിന് നെസെറ്റിലെ (ഇസ്രായേൽ പാർലമെന്റ്) 120 സീറ്റുകളിൽ 48 എണ്ണം മാത്രമേയുള്ളൂ; ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ തികയാൻ ഇത് മതിയാകില്ല. ഐസൻകോട്ടിനുള്ള പിന്തുണയിൽ ഇസ്രായേലിലെ അറബ് ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളും ഉൾപ്പെടുന്നു. ഇവരുടെ പാർട്ടികൾ ഇത്തവണ റെക്കോർഡ് നേട്ടമായി 19 സീറ്റുകൾ നേടിയിരുന്നു. എന്നാൽ, ഐസൻകോട്ടിന്റെ പക്ഷത്തുള്ള വലതുപക്ഷ ചായ്‌വുള്ള വിഭാഗങ്ങൾ, അറബ് വോട്ടുകളെ ആശ്രയിക്കുന്നതിനെ എതിർക്കുന്നു എന്നത് ഒരു പ്രതിസന്ധിയാണ്. ഈ എതിര്‍പ്പുകളെ മറികടന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുമോ എന്നതാണ് ഗാഡി ഐസന്‍കോട്ടിന്റെ വെല്ലുവിളി.

ഇറാനെതിരെയും മധ്യേഷ്യയിലെ ഭീകരവാദ ശൃംഖലയ്‌ക്കും എതിരെ യുദ്ധം നയിച്ച ബെഞ്ചമിന്‍ നെതന്യാഹു പുറത്താക്കപ്പെട്ടാല്‍ അത് ഇറാന് വലിയ കരുത്താകും.

നെതന്യാഹുവുമായി ഗാഡി ഐസന്‍കോട്ട് പിണങ്ങിയത് എന്തിന്?

ഇസ്രയേലിലെ സൈനിക മേധാവിയായിരുന്നു ഗാഡി ഐസന്‍കോട്ട്. പക്ഷെ ഒക്ടോബർ 7-ലെ ആക്രമണത്തിനിടെ ഹമാസ് പിടിച്ചുകൊണ്ടുപോയ 251 ബന്ദികളെ തിരിച്ചെത്തിക്കുന്നതിന് മുൻഗണന നൽകുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്ന് ആരോപിച്ച ഗാഡി ഐസന്‍കോട്ട്, യുദ്ധം കൈകാര്യം ചെയ്ത നെതന്യാഹുവിന്റെ രീതിയെ ആവർത്തിച്ച് വിമർശിച്ചു. തീവ്ര വലതുപക്ഷ സഖ്യകക്ഷികളായ ബെസാലെൽ സ്മോട്രിച്ച്, ഇറ്റാമർ ബെൻ ഗ്വിർ എന്നിവരിൽ നിന്നുള്ള രാഷ്‌ട്രീയ സമ്മർദ്ദം, ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തിയെന്നും ഗാഡി ഐസന്‍കോട്ട് വാദിച്ചു.

“തിരിച്ചെത്തേണ്ടിയിരുന്ന 46 ബന്ദികൾ തിരിച്ചെത്തിയില്ല; അവരിൽ ചിലരെ നമുക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമായിരുന്നു,” -ഈ നിലപാടായിരുന്നു ഐസൻകോട്ടിന്‍റേത്. ഇതാണ് ഗാഡി ഐസന്‍കോട്ടിനെ ബെഞ്ചമിന്‍ നെതന്യാഹുവില്‍ നിന്നും അകറ്റിയത്.

“ഞങ്ങൾക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്,” എന്ന് പറഞ്ഞ അദ്ദേഹം, യുദ്ധത്തിന്റെ തുടക്കത്തിൽ ഹമാസുമായുള്ള ഒരു കരാറിന് അംഗീകാരം നൽകിയെങ്കിലും, പിന്നീട് നെതന്യാഹു തന്നെ അത് “അട്ടിമറിച്ചു” എന്നും ഉള്ള അഭിപ്രായക്കാരനാണ് ഗാഡി ഐസന്‍ കോട്ട്. .

By admin