• Sun. Nov 8th, 2026

24×7 Live News

Apdin News

കാശിയുടെ പേരിലുള്ള കഫേയില്‍ ബീഫ് , ഗാന്ധിക്കൊപ്പം ജിന്ന: കേസില്‍ പെട്ട അമൃത് സിംഗ് ഡാരന് മുന്‍കൂര്‍ ജാമ്യം

Byadmin

Nov 8, 2026



കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ ബീഫ് വിളമ്പുന്ന
വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തതിന്‌റെ പേരില്‍ പോലീസ് കേസെടുത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഉത്തര്‍പ്രദേശ് സ്വദേശി അമൃത് സിംഗ് ഡാരന് എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന കാശിയുടെ പേരിട്ട കഫേയില്‍ ബീഫ് വിളമ്പുന്നതും മഹാത്മാഗാന്ധിയോടൊപ്പം മുഹമ്മദ് അലി ജിന്നയെ ചിത്രീകരിക്കുന്ന കലാസൃഷ്ടി പ്രദര്‍ശിപ്പിച്ചിട്ടുള്ളതും അമൃത് സിംഗ് ഡാരന്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുസ്ലീം സമുദായാംഗങ്ങള്‍ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശത്താണ് കഫേയുളളതെന്നും വീഡിയോയില്‍ പറയുന്നു. ഈ
പരാമര്‍ശങ്ങള്‍ വിദ്വേഷം വളര്‍ത്താനും, സാമുദായിക അസ്വാരസ്യത്തിനും, പൊതു അസ്വസ്ഥതയ്‌ക്കും കാരണമാകുമെന്ന് ആരോപിച്ചായിരുന്നു കേസ്. തുടര്‍ന്നാണ് അമൃത് സിംഗ് മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചത്.
ഒരു വിനോദസഞ്ചാരി എന്ന നിലയിലാണ് താന്‍ കേരളം സന്ദര്‍ശിച്ചതെന്നും, സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും മാത്രമാണ് വീഡിയോയില്‍ ഉളളതെന്നും അമൃത് സിംഗ് കോടതിയില്‍ ബോധിപ്പിച്ചു. വീഡിയോ ഒരു യാത്രാ വിവരണം മാത്രമാണ്. ഒരു മതസമൂഹത്തെയും ലക്ഷ്യം വച്ചിട്ടില്ല. അതു കാരണം അക്രമമോ, പൊതു അപമാനമോ, സാമുദായിക സംഘര്‍ഷമോ ഉണ്ടായിട്ടില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അമൃത് സിംഗിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് കരുതുന്നതുപോലെ നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടുമെന്നു കരുതുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണന്‍ ജാമ്യം നല്‍കിയത്.

 

 

By admin