
മുംബൈ: ദീപാവലിയുടെ തലേനാള്‍ രാമനെ കാണാന്‍ ജനം ഇന്ത്യയിലെ തിയറ്ററുകളിലേക്ക് ഒഴുകിയതോടെ രാമായണ എന്ന സിനിമ മൂന്ന് ദിവസത്തില്‍ കൊയ്തത് 375 കോടി രൂപ. ഇനി ദീപാവലി ദിവസമായ നവമ്പര്‍ 8ന്റെ കണക്ക് കൂടി ലഭിച്ചാല്‍ വരുമാനം 500 കോടി കവിയുമെന്ന് കരുതുന്നു.
മൂന്നാം ദിവസമായ നവമ്പര്‍ 7 ശനിയാഴ്ചയുടെ കണക്ക് ലഭിച്ചപ്പോല്‍ ആഗോളതലത്തില്‍ നേടിയത് 182.70 കോടി രൂപയാണ്. രണ്ടാം ദിവസം കളക്ഷനില്‍ അല്‍പം കുറവ് കാണിച്ചെങ്കിലും ദീപാവലിയുടെ വരവ് കാര്യങ്ങള്‍ മാറ്റിമറിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ലോകമെമ്പാടും തീയറ്ററുകള്‍ പൂരപ്പറമ്പായി. രാമായണ സിനിമയുടെ പോസിറ്റീവായ റിവ്യൂകളും ശനിയാഴ്ച പുറത്തുവിട്ട സിനിമയിലെ ഗാനവും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുകയാണ്. മാത്രമല്ല, 3ഡിയില്‍ തന്നെ ഈ സിനിമ ആസ്വദിക്കണമെന്ന് പല റിവ്യൂകളും പുറത്തുവന്നതോടെ തിയറ്ററിലെ 3ഡി അനുഭവത്തിനായി പ്രേക്ഷകര്‍ പ്രത്യേകം ഒഴുകുകയാണ്.
ദംഗല്‍ എന്ന ആമിര്‍ഖാന്‍ സിനിമയിലൂടെ അത്ഭുതം സൃഷ്ടിച്ച സംവിധായകന്‍ നിതീഷ് തിവാരി ഇതുവരെ ഇന്ത്യ അനുഭവിച്ചറിയാത്ത അതിശയമാണ് രാമായണയിലൂടെ കൊണ്ടുവന്നിരിക്കുന്നത്. 4000 കോടി ചെലവില്‍ രണ്ട് ഭാഗങ്ങളായി രാമായണ പൂര്‍ത്തിയാക്കാനാണ് നിതീഷ് തിവാരിയുടെ ലക്ഷ്യം. ഇതില്‍ ഒന്നാം ഭാഗം 1400 കോടി മുതല്‍ 2000 കോടി വരെ ചെലവിലാണ് നിര്‍മ്മിച്ചത്. ലണ്ടനിലെ ഡിനെഗ് എന്ന വിഎഫ് എക്സ് കമ്പനിയാണ് രാമായണയെ ഒരു അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് എത്തിച്ചത്. ബാഹുബലിയിലെ വിഎപ് എക്സ് ചെയ്തത് കാലിഫോര്‍ണിയ കേന്ദ്രമായുള്ള മകുട വിഎഫ് എക്സ് എന്ന കമ്പനിയാണ്. എന്നാല്‍ അതിനെയൊക്കെ അതിശയിപ്പിക്കുന്ന ഹോളിവുഡ് നിലവാരത്തിലുള്ള ദൃശ്യവിരുന്നാണ് ലണ്ടനിലെ ഡിനെഗ് നല്‍കുന്നത്. കാടും യൂദ്ധവുമെല്ലാം അവിസ്മരണീയ അനുഭവമാണ്. റഹ്മാനും ഹാന്‍ സിമ്മറും ചേര്‍ന്ന് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും പിടിച്ചിരുത്തുന്നവയാണ്.
അഭിനയത്തില്‍ രാവണനായി യഷും രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായി പല്ലവിയും ഇതുവരെ കാണാത്ത രാമായണ അനുഭവമാണ് സമ്മാനിക്കുന്നത്. ശോഭന (കൈകേയി), ശൂര്‍പ്പണഖ (രാകുല്‍ പ്രീത്) വിദ്യുത് ജിഹ്വ (വിവേക് ഒബറോയി), ഹനുമാന്‍ (സണ്ണി ഡിയോള്‍) എന്നിവര്‍ മത്സരിച്ചുള്ള അഭിനയം കാഴ്ചവെയ്‌ക്കുകയാണ്.