കോഴിക്കോട്: തളി രേവതി പട്ടത്താനത്തോടനുബന്ധിച്ച് ഈ വർഷം നടത്തുന്ന ‘അഷ്ടാവധാനം’ നാളെ ഉച്ചയ്ക്ക് 12 മണി മുതൽ തളി ഗുരുവായൂരപ്പൻ ഹാളിൽ നടക്കും. പ്രസിദ്ധ അഷ്ടാവധാനിയായ ഡോ. എൻ. ഉമാമഹേശ്വരയാണ് നയിക്കുന്നത്. ഓർമ്മശക്തി, അവധാനത, പാണ്ഡിത്യം, ജ്ഞാനം, ഗ്രഹണശേഷി തുടങ്ങിയ വിവിധ ശേഷികൾ ഒരേസമയം പ്രയോഗിക്കാനുള്ള കഴിവിന്റെ പ്രദർശനംകൂടിയാണ് അഷ്ടാവധാനം.
എന്താണ് അഷ്ടാവധാനം?
അഷ്ടാവധാനം: ഭാരതീയ സാഹിത്യകലയിലെ അത്ഭുതപ്രതിഭാസമാണ്. ഭാരതത്തിന്റെ പരമ്പരാഗത സാഹിത്യ- ബൗദ്ധിക കലാരൂപങ്ങളിൽ അത്യപൂർവ്വവും സങ്കീർണ്ണവുമായതാണ് അഷ്ടാവധാനം. ബഹുകാര്യങ്ങൾ ഒരേസമയം ചെയ്യുന്നതാണ് ഇന്നത്തെ രീതി. തൊഴിൽ മേഖലയിൽ ഉൾപ്പെടെ ആവശ്യപ്പെടുന്നതും യോഗ്യത നിർണ്ണയിക്കുന്നതും ഇന്നത്തെ കാലത്ത് ‘മൾട്ടി ടാസ്ക്’ ശേഷിയാണ്. ഈ സാഹചര്യത്തിലാണ് പല നൂറ്റാണ്ടുമുമ്പേ നിലനിന്നിരുന്ന ഈ ശേഷിവർദ്ധന പരിശീലന പദ്ധതി.
‘അഷ്ട’ എന്നാൽ എട്ട്, ‘അവധാനം’ എന്നാൽ ശ്രദ്ധ അല്ലെങ്കിൽ ഏകാഗ്രത. ഒരേ സമയം എട്ടു കാര്യങ്ങളിൽ പൂർണ്ണമായ ഏകാഗ്രത കേന്ദ്രീകരിച്ച് നിർവ്വഹിക്കുന്ന സാഹിത്യവിനോദമാണിത്. പ്രധാനമായും സംസ്കൃതത്തിൽ നടത്തപ്പെടുന്ന ഈ കലാരൂപം മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും പ്രചാരത്തിലുണ്ട്.
എങ്ങനെ?
അവതരണം നടത്തുന്ന പ്രധാന പണ്ഡിതനെ അവധാനി എന്നാണ് വിളിക്കുക.
ചോദ്യങ്ങൾ ചോദിക്കുകയും വ്യത്യസ്ത പ്രവൃത്തികൾ നൽകുകയും ചെയ്യുന്ന എട്ടു പേരുണ്ടാവും അ്ഷടവധാനത്തിൽ. അവരെ പൃച്ഛകർ എന്നാണ് വിളിക്കുന്നത്.
ഇവിടെ അവധാനിക്ക് ചോദ്യങ്ങളോ പ്രവൃത്തികളോ പിന്നീട് ഓർമ്മിക്കുവാൻ രേഖപ്പെടുത്തിവെക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒന്നും ലഭ്യമാക്കില്ല. പേപ്പറോ പേനയോ മറ്റ് എഴുത്തുപകരണങ്ങളോ ഒന്നും തന്നെ ഉണ്ടാകില്ല! എല്ലാം സ്വന്തം ഓർമ്മശക്തിയിലും ഏകാഗ്രതയിലും മാത്രം സൂക്ഷിക്കണം. ‘പൃച്ഛകർ’ അദ്ദേഹത്തിന്റെ ഏകാഗ്രത തടസ്സപ്പെടുത്താൻ ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. ഇതെയെല്ലാം അതിജീവിച്ച് നിശ്ചിത ക്രമത്തിലും സമയത്തിലും ദൗത്യങ്ങൾ പൂർത്തിയാക്കണം.
അഷ്ടാവധാനത്തിലെ 8 ഘടകങ്ങൾ
– നൽകുന്ന വിഷയത്തിൽ തൽക്ഷണം കവിത രചിക്കുക. (ആശുകാവ്യം)
– പൃച്ഛകൻ നൽകുന്ന അപൂർണ്ണമായ ശ്ലോകഭാഗം പൂർത്തിയാക്കുക. (സമസ്യാപൂരണം)
– പൃച്ഛകൻ പറയുന്ന സംഖ്യ തുകയായി വരുന്ന രീതിയിൽ മാന്ത്രികചതുരം മനസ്സിൽ പൂർത്തീകരിച്ച് പൃച്ഛകൻ ചോദിക്കുന്ന ക്രമത്തിൽ സംഖ്യ തെറ്റാതെ പറയുക (സംഖ്യാബന്ധം)
– ഏത് ഭാഷയിലെ വാക്കുകളായാലും, നൽകുന്ന വാക്കുകൾ ഉപയോഗിച്ച് അർത്ഥവത്തായ ശ്ലോകം ചമയ്ക്കുക. (ദത്തപദീ)
– ഏകാഗ്രത തെറ്റിക്കാൻ ചോദിക്കുന്ന യുക്തിരഹിതമോ അനാവശ്യമോ ആയ ചോദ്യങ്ങൾക്ക് തമാശ കലർന്ന മറുപടി നൽകുക. (അപ്രസ്തുതപ്രസംഗം)
– ഒരു വിഷയത്തിൽ ശ്ലോകം മനസ്സിൽ രൂപീകരിക്കുകയും, പൃച്ഛകൻ ഏതു വരിയിലെ ഏത് അക്ഷരം ചോദിച്ചാലും അത് കൃത്യമായി പറയുകയും ചെയ്യുക. (ഉദ്ദിഷ്ടാക്ഷരീ)
– പൃച്ഛകൻ ചൊല്ലുന്ന ഏത് ഗ്രന്ഥത്തിലെ ശ്ലോകവും സന്ദർഭസഹിതം വ്യാഖ്യാനിക്കുക. (കാവ്യവ്യാഖ്യാനം)
– പൃച്ഛകൻ വിലക്കുന്ന അക്ഷരങ്ങൾ പൂർണ്ണമായും ഒഴിവാക്കി കവിത രചിക്കുക. (നിഷിദ്ധാക്ഷരീ)
അഷ്ടാവധാനികൾ മാത്രമല്ല, ശതാവധാനികളും ഉണ്ടായിരുന്നുവെന്ന് പഴയകാല സാഹിത്യത്തിലും വിജ്ഞാന ഗ്രന്ഥങ്ങളിലും കാണുന്നു. എന്നാൽ, ക്ഷണനേരത്തേക്ക് മാത്രമായി ഓർമ്മ ചുരുങ്ങുന്ന കാലത്ത് അഷ്ടാവധാന ശേഷി പോലും ഉള്ളവർ കുറവാണ്.
അത്യപൂർവ്വമായ ഈ പരമ്പരാഗത വിജ്ഞാനപ്രദർശനം ഇന്ന് ഭാരതത്തിൽ നടത്തുന്ന വിരലിലെണ്ണാവുന്ന പണ്ഡിതന്മാരിൽ പ്രമുഖനാണ് ഡോ. എൻ. ഉമാമഹേശ്വര.