• Sat. Jul 11th, 2026

24×7 Live News

Apdin News

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

Byadmin

Jul 11, 2026


ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ശേഖരങ്ങളുടെ ഉടമയായ ഓസ്ട്രേലിയയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ദീര്‍ഘകാലമായി കാത്തിരുന്ന യുറേനിയം വിതരണ ക്രമീകരണം ഉറപ്പാക്കിയതോടെ ആണവോര്‍ജം വികസിപ്പിക്കാനുള്ള നമ്മുടെ രാജ്യത്തിന്റെ മഹത്തായ പദ്ധതിക്ക് ഉത്തേജനം ലഭിച്ചിരിക്കുകയാണ്. ലോകത്തിലെ അറിയപ്പെടുന്ന യുറേനിയം ശേഖരങ്ങളുടെ ഏകദേശം മൂന്നിലൊന്ന് ഓസ്ട്രേലിയയിലാണ്. ആണവ വൈദ്യുതി ഉല്‍പ്പാദന ശേഷി 2047 ആകുമ്പോഴേക്കും 100 ജിഗാ വാട്ടായി ഉയര്‍ത്താന്‍ ഭാരതം ശ്രമിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ മുന്നേറ്റം കൈവന്നിരിക്കുന്നത്.

ഒരു ദശാബ്ദത്തിലേറെയായി കാര്യമായ പുരോഗതിയില്ലാതെ തുടരുകയായിരുന്ന സിവില്‍ ആണവ സഹകരണ പങ്കാളിത്തം പ്രായോഗികമാക്കുന്നതാണ് ഇപ്പോഴത്തെ കരാര്‍. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലുള്ള സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഓസ്ട്രേലിയന്‍ യുറേനിയം ഭാരതത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ ഭരണപരമായ ക്രമീകരണങ്ങള്‍ക്ക് ഇരു രാജ്യങ്ങളും അന്തിമരൂപം നല്‍കിയിട്ടുണ്ട്.

തലസ്ഥാനമായ മെല്‍ബണില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2015 ലെ ഓസ്ട്രേലിയ-ഭാരത ആണവ സഹകരണ കരാര്‍ പ്രകാരം അന്താരാഷ്‌ട്ര ആണവ ഏജന്‍സിയുടെ സുരക്ഷാ മേല്‍നോട്ടത്തിന് വിധേയമായി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി ഓസ്ട്രേലിയന്‍ യുറേനിയം ഭാരതത്തിലേക്ക് കയറ്റുമതി ചെയ്യാന്‍ ആവശ്യമായ ഭരണപരമായ ക്രമീകരണങ്ങള്‍ ഇരുരാജ്യങ്ങളും അന്തിമമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിരവധി പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ഭാരതത്തിലെ സ്വകാര്യ വ്യവസായ മേഖല ഈ നീക്കത്തെ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്. 60 വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ധനം ആവശ്യമായ റിയാക്ടറുകള്‍ക്ക്, ഉറപ്പുള്ള ആണവ ഇന്ധന വിതരണം അത്യന്താപേക്ഷിതമാണ്.

ഭാരതത്തിന് ഈ മുന്നേറ്റം ഒരു സാധാരണ ഇന്ധനം വാങ്ങല്‍ കരാറിനേക്കാള്‍ വളരെ വലിയ പ്രാധാന്യമുള്ളതാണ്. രാജ്യത്തിന്റെ ആണവ പദ്ധതി ഏറെക്കാലമായി ഘടനാപരമായ വെല്ലുവിളി നേരിടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തോറിയം ശേഖരങ്ങളിലൊന്ന് ഭാരതത്തിലുണ്ടെങ്കിലും യുറേനിയം ശേഖരം താരതമ്യേന പരിമിതമാണ്. ലഭ്യമായ യുറേനിയം വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി പിന്നീട് തോറിയം അടിസ്ഥാനമാക്കിയുള്ള ഊര്‍ജ സംവിധാനങ്ങളിലേക്ക് മാറുന്നതിനായിട്ടാണ് ഭാരതത്തിന്റെ ആണവോര്‍ജ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ പ്രധാന ശേഖരങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര യുറേനിയം നിക്ഷേപങ്ങള്‍ ഭാരതത്തിന്റെ ആണവ പദ്ധതിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും, ആണവ വൈദ്യുതി ഉല്‍പ്പാദനം അതിവേഗം വികസിപ്പിക്കണമെങ്കില്‍ ഇറക്കുമതി ചെയ്യുന്ന യുറേനിയം അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.ഊര്‍ജ സുരക്ഷ ഉറപ്പാക്കി 2070 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഭാരതം ശ്രമിക്കുന്ന സാഹചര്യത്തില്‍ യുറേനിയം ലഭ്യത അത്യന്താപേക്ഷിതമാണ്.

ഉറപ്പുള്ള യുറേനിയം വിതരണവും പുതിയ നയരൂപരേഖയും ഒരുമിച്ചുവരുന്നത് ഭാരതത്തിന്റെ ആണവ മേഖലയില്‍ ഗണ്യമായ സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നാണ് വ്യവസായ നിരീക്ഷകര്‍ കരുതുന്നത്. ആണവ വൈദ്യുതി മേഖലയെ നിരവധി കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിലൂടെ 100 ജിഗാവാട്ട് ലക്ഷ്യം കൈവരിക്കാന്‍ കഴിയും.

ഈ യാത്രയില്‍ ഓസ്ട്രേലിയയുടെ പങ്ക് നിര്‍ണായകമാണ്. ഇക്കാരണത്താല്‍ ഓസ്ട്രേലിയാ സന്ദര്‍ശനത്തിനിടെ, ആ രാജ്യവുമായുള്ള ആണവ സഹകരണത്തിന്റെ തന്ത്രപ്രധാന സ്വഭാവം പ്രധാനമന്ത്രി മോദി എടുത്തുപറയുകയുണ്ടായി.ഓസ്ട്രേലിയയുടെ വിപുലമായ യുറേനിയം ശേഖരം ഭാരതത്തിന്റെ ആണവഭാവിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വ്യവസായ പ്രമുഖരോട് മോദി പറഞ്ഞത്. ഈ മേഖലയിലെ സഹകരണം പ്രധാനമന്ത്രി വിശേഷിപ്പിച്ചതുപോലെ ഇരു രാജ്യങ്ങള്‍ക്കും ചരിത്രപരമായ അവസരമാണ് നല്‍കിയിരിക്കുന്നത്.



By admin