തിരുവനന്തപുരം: വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോൾ സഹതാപം തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് ശങ്കു. ടി ദാസ്. പാർലമെന്റിൽ സ്ത്രീകൾക്ക് ലഭിക്കാവുന്ന ചരിത്രപരമായ അവസരത്തെ പ്രതിപക്ഷം ഒറ്റക്കെക്കെട്ടായി വോട്ട് ചെയ്തു ഇല്ലാതാക്കിയ വർഗ്ഗ വഞ്ചനയെ ജനാധിപത്യ വിജയമായി ആഘോഷിക്കുകയാണ് അഭിനവ സ്ത്രീപക്ഷക്കാരെന്ന് അദ്ദേഹം പരിഹസിച്ചു.
ശങ്കു. ടി ദാസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം……
സ്വന്തമായി നിർമ്മിച്ച മരം മുറി യന്ത്രം ഇരിക്കുന്ന കൊമ്പ് മുറിച്ച് പരീക്ഷിച്ച ഒരു ശാസ്ത്രജ്ഞന്റെ കഥ കേട്ടിട്ടുണ്ട്. അയാൾ ശരിക്കും അപാര ബുദ്ധിമാനാണോ അതോ മരമണ്ടനാണോ എന്നത് ഇന്നും ഒരു ശാസ്ത്ര കൗതുകമായി അവശേഷിക്കുന്നു!! സ്ത്രീ വിമോചനം അതിന്റെ ..പരിപൂർണ്ണാർത്ഥത്തിൽ സ്ത്രീകളെ രണ്ടാം തരക്കാരാക്കുന്ന ബ്രാഹ്മണിക്കൽ പാട്രിയാർക്കൽ ഹിന്ദുത്വ ഐഡിയോളജിക്ക് എതിരായ പോരാട്ടം കൂടിയാണെന്നും, അതിനാൽ ഇന്ത്യൻ സാഹചര്യത്തിൽ ഒരു യഥാർത്ഥ ഫെമിനിസ്റ്റിന് ആന്റി ബിജെപിയും ആന്റി ഗവണ്മെന്റും ആന്റി എസ്റ്റാബ്ലിഷ്മെന്റും ആവാതിരിക്കാൻ ആവില്ല എന്നുമൊക്കെ താത്വികം പറഞ്ഞു പറഞ്ഞങ്ങ് പോയിട്ട്, അത് പ്രയോഗത്തിലാക്കാൻ ഒടുക്കം ദേ ഇപ്പോൾ 2029ലേ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ സ്ത്രീകൾക്ക് പാർലമെന്റിൽ 273 സീറ്റുകൾ ഉറപ്പ് വരുത്താനാവുമായിരുന്ന ചരിത്രപരമായ അവസരത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി വോട്ട് ചെയ്തു ഇല്ലാതാക്കിയ വർഗ്ഗ വഞ്ചനയെ ജനാധിപത്യ വിജയമായി ആഘോഷിക്കുകയാണ് അഭിനവ സ്ത്രീപക്ഷക്കാർ!!
റൊമ്പ ദൂരം പോയിട്ടിയേ.. എവ്വളോ ദൂരം? സ്ത്രീകളുടെ അവകാശങ്ങൾക്കും തുല്യതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു എന്ന് പറഞ്ഞു തുടങ്ങിയ നിങ്ങളിപ്പോൾ സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടിയുള്ള മുത്തലാഖ് നിരോധനത്തെയും സ്ത്രീകൾക്ക് സ്വത്തിൽ തുല്യാവകാശത്തിന് വേണ്ടിയുള്ള യൂണിഫോം സിവിൽ കോഡിനേയും സ്ത്രീകൾക്ക് അർഹമായ പ്രതിനിധ്യത്തിന് വേണ്ടിയുള്ള നാരീശക്തി വന്ദൻ അധിനിയമിനേയും വരെ എതിർക്കുന്ന, സ്ത്രീകളുടെ വിവാഹം പ്രായം കൂട്ടുന്നതിനെതിരെ പ്രതിഷേധിക്കുന്ന, റിയൽ കേരളാ സ്റ്റോറിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ബാലികാ വിവാഹത്തെ വരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന നിലയിലെത്തി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം പ്രതിപക്ഷത്തിന് സഭയിൽ കിട്ടിയ ഒരു വിജയം ജനാധിപത്യത്തിനു വലിയ ആശ്വാസം ആണെന്നൊക്കെ ആലങ്കാരികമായി പറയാം…….
പക്ഷെ രാജ്യത്ത് 55 കോടി മാത്രം ജനസംഖ്യ ഉണ്ടായിരുന്ന 1971ലേ സെൻസസ് അനുസരിച്ചു നിശ്ചയിച്ച ലോക്‌സഭാ സീറ്റുകളുടെ എണ്ണം ജനസംഖ്യ 140 കോടിയായി കഴിഞ്ഞ 2026ലെ കണക്കനുസരിച്ചു പുനർനിർണ്ണയിക്കുമ്പോൾ അതിൽ മൂന്നിലൊരു ഭാഗം സ്ത്രീകൾക്ക് ലഭിക്കാൻ വഴിയൊരുക്കിയിരുന്ന നിയമത്തെ പരാജയപ്പെടുത്തിയാണ് പ്രതിപക്ഷം ജയഭേരി മുഴുക്കുന്നതെന്നിരിക്കെ അതിൽ ഈ നാട്ടിലെ സ്ത്രീകൾക്ക് ആശ്വസിക്കാനോ ആഹ്ലാദിക്കാനോ എന്താണുള്ളത്??……
താത്വികമായി ജനാധിപത്യം ജയിച്ചിരിക്കാം. പക്ഷെ സത്യത്തിൽ സ്ത്രീകളല്ലേ തോറ്റത്? എന്നിട്ടതിന്റെ പേരിൽ ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്. എന്നിട്ട് വരില്ലേ വീണ്ടും ഇത് വഴിയേ അടുത്ത തിരഞ്ഞെടുപ്പ് കാലത്തും…