ഓഗസ്റ്റ് 29-ന് ന്യൂയോര്ക്കിലെ മാഡിസണ് സ്‌ക്വയര് ഗാര്ഡനില് നടക്കാനിരിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്എസ്എസ്) പരിപാടിക്കെതിരെ രൂക്ഷവിമര്ശനവുമായി ന്യൂയോര്ക്ക് സിറ്റി മേയര് സൊഹ്റാന് മംദാനി. ആര്എസ്എസ് മേധാവി മോഹന് ഭാഗവത് പങ്കെടുക്കുന്ന പരിപാടിയോട് തനിക്ക് കടുത്ത എതിര്പ്പുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാല് ഇതൊരു സ്വകാര്യ പരിപാടിയായതിനാല് റദ്ദാക്കാന് നഗരഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് വ്യക്തമല്ലെന്നും പറഞ്ഞു. ന്യൂയോര്ക്ക് സിറ്റിയുടെ മേയറാകുന്ന ആദ്യ ഇന്ത്യന് വംശജനാണ് സൊഹ്റാന് മംദാനി.
ഇന്ത്യയെക്കുറിച്ച് മതേതരത്വത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് കുടുംബം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ മംദാനി പറഞ്ഞു. അതില് നിന്ന് വ്യത്യസ്തമായി മാറ്റിനിര്ത്തലിന്റെയും ഒഴിവാക്കലിന്റെയും അടിസ്ഥാനത്തിലുള്ള ഒരു പ്രസ്ഥാനത്തിന്റെ വളര്ച്ച കാണുന്നത് ആശങ്കാജനകമാണ്. നിറം, മതം, വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിലല്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന നഗരത്തിന്റെ മേയര് എന്ന നിലയിലും ഒരു ഇന്ത്യന്-അമേരിക്കന് എന്ന നിലയിലും പരിപാടിയോട് വിയോജിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആര്എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് മോഹന് ഭാഗവത് അമേരിക്ക ഉള്പ്പെടെയുള്ള രാജ്യങ്ങള് സന്ദര്ശിക്കുന്നത്. ‘എഹെഡ് ഫോറം’ സംഘടിപ്പിക്കുന്ന ‘യൂണിവേഴ്‌സല് വണ്നെസ് സെലിബ്രേഷന്‘ എന്ന ഈ പരിപാടിയില് അയ്യായിരത്തോളം പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഹിന്ദുസ് ഫോര് ഹ്യൂമന് റൈറ്റ്‌സ്, ഇന്ത്യന് അമേരിക്കന് മുസ്ലിം കൗണ്സില്, ഇന്റര്ഫെയ്ത്ത് സെന്റര് ഓഫ് ന്യൂയോര്ക്ക് തുടങ്ങിയ സംഘടനകള് സിറ്റി ഹാളിന് പുറത്ത് പ്രതിഷേധിച്ചു.പരിപാടിക്ക് അനുമതി നല്കരുതെന്ന് പുരോഗമന സംഘടനകളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടു. പരിപാടി റദ്ദാക്കാത്തതില് മുന് സിയാറ്റില് സിറ്റി കൗണ്സില് അംഗം ക്ഷമ സാവന്ത് മേയറെ വിമര്ശിച്ചു.
ആര്എസ്എസ് നേതൃത്വത്തിന് ഉന്നതതല നയതന്ത്ര പരിഗണനകള് നല്കരുതെന്നും ഉപരോധം ഏര്പ്പെടുത്തണമെന്നും അമേരിക്കന് കമ്മീഷന് ഓണ് ഇന്റര്നാഷണല് റിലീജിയസ് ഫ്രീഡം അമേരിക്കന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്, മുന്വിധിയോടെയുള്ള ഇത്തരം പ്രസ്താവനകളെ തള്ളിക്കളയുന്നുവെന്ന് ഇന്ത്യന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്ധീര് ജയ്സ്വാള് പ്രതികരിച്ചു.