പത്തനംതിട്ട: അറന്മുള പുഞ്ചയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്നും അവിടെ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ നടത്തിയത് നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ജില്ലാ കളക്ടര്‍ നിസാമുദ്ദീന്‍ എ. കോഴഞ്ചേരി തഹസീല്‍ദാരോട് വിശദീകരണം തേടി.
രണ്ടാഴ്ച മുമ്പാണ് മിച്ചഭൂമി തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ ഭൂമിയുടെ മുന്‍ ഉടമ ഏബ്രഹാം കലമണ്ണില്‍ സ്വകാര്യ കമ്പനിയെ കൊണ്ട് ഡ്രോണ്‍ സര്‍വേ നടത്തിയത്. രണ്ടാം ഘട്ട സര്‍വേക്കായി ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ കമ്പനി എത്തുമെന്നും ഏബ്രഹാം കലമണ്ണില്‍ പറഞ്ഞിരുന്നു. ഇത് ജന്മഭൂമി പുറത്തു കൊണ്ടുവന്നതോടെ സംഭവം വിവാദമായി. ഇതേതുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ടത്. രണ്ടാം ഘട്ട സര്‍വേ നടപടികളും തടഞ്ഞിട്ടുണ്ട്.
ഡ്രോണ്‍ സര്‍വേ നടത്തിയ കാര്യം റവന്യൂ വകുപ്പ് പ്ലീഡറെ അറിയിക്കുമെന്നും ഈ മാസം 16 ന് മിച്ചഭൂമി സംബന്ധിച്ച വാദം നടക്കുമ്പോള്‍ വിവരം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും അറിയുന്നു. പതിനേഴ് വര്‍ഷം മുമ്പ് 2009ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആറന്മുള വിമാനത്താവളത്തിന് തത്ത്വത്തില്‍ അനുമതി ലഭിച്ചതെങ്കിലും എങ്ങനെയും പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടിയത് 2011ല്‍ അധികാരത്തില്‍ എത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരായിരുന്നു. എന്നാല്‍ പദ്ധതി ഹരിത ട്രൈബ്യൂണല്‍ തടഞ്ഞതോടെ 2017 ആഗസ്തില്‍ ആറന്മുളയില്‍ ഏബ്രഹാം കലമണ്ണില്‍ വാങ്ങിക്കൂട്ടിയ 232 ഏക്കര്‍ അടക്കമുള്ള സ്ഥലം ഏഴു ദിവസത്തിനകം മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ അനു എസ്. നായര്‍ ഉത്തരവിട്ടിരുന്നു.
ഭൂപരിഷ്‌ക്കരണ നിയമം മറികടന്ന് കാരണം കാണിക്കാതെ ആറന്മുള പുഞ്ചയില്‍ നിയമ വിരുദ്ധമായി ഭൂമി വാങ്ങിയതിനാലായിരുന്നു നടപടി. ഉത്തരവിനെ തുടര്‍ന്ന് 17 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. എന്നാല്‍ തുടര്‍നടപടിക്ക് കാലതാമസം വന്നതോടെ ഏബ്രഹാം കലമണ്ണില്‍ ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ് നടപടിക്കെതിരെ സ്റ്റേ വാങ്ങി.
മിച്ചഭൂമിയായി 232 ഏക്കര്‍ ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വം കാലതാമസം വരുത്തിയതാണ് കലമണ്ണിലിന് സ്റ്റേ വാങ്ങാന്‍ അവസരം ഒരുക്കിയതെന്ന ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു. അന്നത്തെ റവന്യൂ മന്ത്രിയായ ഇ. ചന്ദ്രശേഖരന്‍ ഇതു സംബന്ധിച്ച് കളക്ടര്‍ ആയിരുന്ന ആര്‍. ഗിരിജയോട് വിശദീകരണവും തേടിയിരുന്നു. ഒന്‍പതു വര്‍ഷമായി കേസ് ഹൈക്കോടതിയിലാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, തര്‍ക്ക ഭൂമിയാണെന്ന കാര്യം പരിഗണിക്കാതെയാണ് ഏബ്രഹാം കലമണ്ണില്‍ സര്‍വേ നടപടിയുമായി മുന്നോട്ടു പോയത്. ഇതോടെ, സര്‍ക്കാര്‍ ഉത്തരവില്ലാതെ പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച പഴയ ഫയലുകള്‍ എടുത്തത് ആരുടെ നിര്‍ദേശ പ്രകാരമെന്ന ചോദ്യവും ഉയര്‍ന്നു. ആന്റോ ആന്റണി എംപി, അബിന്‍ വര്‍ക്കി എംഎല്‍എ എന്നിവരാണ് ഇതിന് പിന്നിലെന്നും അഭിഭാഷകനായ ഒരു വസ്തു ദല്ലാളിന് ഇതില്‍ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്.