• Mon. Jul 13th, 2026

24×7 Live News

Apdin News

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

Byadmin

Jul 13, 2026



ഹംപിയിലെ കാഴചകള്‍ കുട്ടിപ്പടയെ ആവേശത്തിലാക്കി. വിരൂപാക്ഷ ക്ഷേത്രത്തിലേക്കാണ് പിന്നീട് അവര്‍ പോയത്. ആകാശമുട്ടേ ഉയര്‍ന്നുനില്‍ക്കുന്ന അതിന്റെ പടുകൂറ്റന്‍ രാജഗോപുരം കുട്ടികളില്‍ വലിയ അത്ഭുതമുണ്ടാക്കി.

മാധവന്‍ മാഷ് കുട്ടികളെയും കൂട്ടി ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്തുള്ള ഇരുണ്ട ഒരു മുറിയിലേക്ക് നടന്നു.

ചുവരിലെ ഒരു പ്രത്യേക ഭാഗം കാണിച്ച്, ‘എല്ലാവരും ഈ ചുവരിലേക്ക് നോക്കൂ,’ എന്ന് മാഷ് പറഞ്ഞു.

കുട്ടികള്‍ ഒന്നിച്ച് ആ ചുവരിലേക്ക് നോക്കി. അത്ഭുതം കൊണ്ടവര്‍ വാ പൊളിച്ചു പോയി. ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന പടുകൂറ്റന്‍ ഗോപുരത്തിന്റെ കൃത്യമായ നിഴല്‍ അവര്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞു. പുറത്തെ വെളിച്ചത്തിനനുസരിച്ച് അത് ചുവരിലിരുന്ന് ചലിക്കുന്നുപോലുമുണ്ടായിരുന്നു.

‘അയ്യോ! മാഷേ, ഇതെന്താ സിനിമാ തിയേറ്ററോ? പുറത്തുള്ള വലിയ ഗോപുരം എങ്ങനെയാ ഈ ചുവരിലോട്ട് തലകീഴായി വന്നത്? ഇവിടെ വല്ല പ്രൊജക്ടറും വെച്ചിട്ടുണ്ടോ?’ അപ്പു വിസ്മയം അടക്കാനാവാതെ ചോദിച്ചു.

മീര ടീച്ചര്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി, ‘ അപ്പൂ, ഇതാണ് നമ്മള്‍ സയന്‍സില്‍ പഠിക്കുന്ന ‘പിന്‍ഹോള്‍ കാമറ’ സാങ്കേതികവിദ്യ. പതിനാലാം നൂറ്റാണ്ടില്‍ ഈ ഗോപുരം പുതുക്കിപ്പണിതപ്പോള്‍ ആ ശില്പികള്‍ പ്രകാശശാസ്ത്രത്തിലെ ഒരു വലിയ നിയമം പ്രയോഗിച്ചു . ഗോപുരത്തിന് അഭിമുഖമായി വരുന്ന ചുവരിലെ ഒരു ചെറിയ സുഷിരത്തിലൂടെ സൂര്യപ്രകാശം കടത്തിവിട്ടാണ് അവര്‍ ഈ അത്ഭുതം സൃഷ്ടിച്ചത്. പ്രകാശം നേര്‍രേഖയിലാണ് സഞ്ചരിക്കുന്നത് എന്ന ശാസ്ത്രസത്യം എത്ര കൃത്യമായാണ് നമ്മുടെ പൂര്‍വ്വികര്‍ ഈ കരിങ്കല്‍ ചുവരുകളില്‍ തെളിയിച്ചതെന്ന് നോക്കൂ!’

വിരൂപാക്ഷ ക്ഷേത്രത്തിലെ പ്രകാശവിസ്മയം കണ്ടതിനുശേഷം അവര്‍ തൊട്ടടുത്തുള്ള ഹേമകൂട മലയിലെ പൗരാണിക വാസ്തുവിദ്യ തേടിയാണ് പോയത്. നിരപ്പായ വലിയ കരിങ്കല്‍ പാറകളും അതിന് മുകളില്‍ നിരനിരയായി നില്‍ക്കുന്ന ചെറിയ ക്ഷേത്രങ്ങളുമായിരുന്നു അവിടെ. കുട്ടികള്‍ ഇതുവരെ കണ്ട വിജയനഗര ശൈലിയിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു അവ. അവിടത്തെ ക്ഷേത്രങ്ങളുടെ മേല്‍ക്കൂരകള്‍ ത്രികോണാകൃതിയില്‍, തട്ടുകളായിട്ടാണ് നിര്‍മ്മിച്ചിരുന്നത്.

അത് ശ്രദ്ധിച്ച ചിന്തു സംശയത്തോടെ ചോദിച്ചു, ‘മാഷേ, ഈ ക്ഷേത്രങ്ങള്‍ ഇത്രയും നേരം കണ്ട വിജയനഗര ശൈലി പോലെയല്ലല്ലോ. ഇവ എന്താ ജൈന ക്ഷേത്രങ്ങളുടെ ആകൃതിയില്‍ കാണുന്നത്?’

‘വളരെ നല്ല നിരീക്ഷണമാണ് ചിന്തൂ,’ മാധവന്‍ മാഷ് അവളെ അഭിനന്ദിച്ചു. ‘വിജയനഗര സാമ്രാജ്യം ഉണ്ടാകുന്നതിനും എത്രയോ മുന്‍പ്, ഒന്‍പതാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഹേമകൂട മലയിലെ ഈ ക്ഷേത്രങ്ങള്‍. ഇവയില്‍ ഭാരതീയ വാസ്തുവിദ്യയുടെ പരിണാമം വ്യക്തമായി കാണാം. കനത്ത മഴ പെയ്യുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാതെ പെട്ടെന്ന് ഒലിച്ച് പോകാനും, മുകളില്‍ നിന്നുള്ള ഭാരം ഭിത്തികളിലേക്ക് തുല്യമായി വീതിച്ചു നല്‍കാനും പാകത്തിലാണ് പിരമിഡ് ആകൃതിയിലുള്ള മേല്‍ക്കൂരകള്‍ അവര്‍ അക്കാലത്ത് പണിതത്.’
ഹേമകൂട മലയുടെ കിഴക്കേ അറ്റത്തേക്ക് നടന്ന അവര്‍ ചെന്നുനിന്നത് ജ്യാമിതീയ വിസ്മയങ്ങള്‍ ഒളിപ്പിച്ച ഒരു വലിയ കല്‍മണ്ഡപത്തിന് മുന്നിലാണ്. അതിനുള്ളില്‍ ഒരൊറ്റ പടുകൂറ്റന്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത ഭീമാകാരമായ ഒരു കാളയുടെ ശില്പമുണ്ടായിരുന്നു.’ഏകശില നന്തി’! ആ വലിയ ശില്പത്തിന്റെ മുന്നില്‍ നിന്ന അപ്പു അതിന്റെ വലിപ്പം കണ്ട് അത്ഭുതപ്പെട്ട് വിരലുകള്‍ കടിച്ചു.

‘മാഷേ… ഒരൊറ്റ കല്ലിലാണോ ഇത്രയും വലിയ നന്തിയെ ഉണ്ടാക്കിയത്? കഷണങ്ങള്‍ ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ലേ? ഇത് ചെത്തി മിനുക്കാന്‍ അവര്‍ക്ക് എത്ര കാലം വേണ്ടിവന്നിട്ടുണ്ടാകും ‘ അപ്പു ചോദിച്ചു.

‘അതേ അപ്പൂ, ഒരൊറ്റ പാറയെ മുകളില്‍ നിന്ന് താഴേക്ക് കൃത്യമായ ജ്യാമിതീയ അളവുകളില്‍ കൊത്തിയെടുത്തതാണ് ഈ ശില്പം. കല്ലിന്റെ സാന്ദ്രതയും ബലവും എവിടെയൊക്കെയാണ് കൂടുതലെന്ന് പൗരാണിക ശില്പികള്‍ക്ക് നന്നായി അറിയാമായിരുന്നു. ഒരു ചെറിയ പൊട്ടലോ വിള്ളലോ ഉണ്ടായാല്‍ പോലും ഈ വലിയ ശില്പം പൂര്‍ണ്ണമായി നശിച്ചുപോകുമായിരുന്നു. ഇത്രയും വലിയ കല്ലുകളെ കൈകാര്യം ചെയ്യാനുള്ള ഭാരോദ്വഹന വിദ്യകളും യന്ത്രസഹായങ്ങളും അക്കാലത്ത് തന്നെ ഭാരതീയര്‍ക്ക് അറിയാമായിരുന്നു.’ മീര ടീച്ചര്‍ പറഞ്ഞു.

മാധവന്‍ മാഷും മീര ടീച്ചറും അടുത്തതായി നടന്നത് വിരൂപാക്ഷ ക്ഷേത്രത്തിന് മുന്നില്‍ നീണ്ടുകിടക്കുന്ന വലിയൊരു കല്‍പ്പാതയിലേക്കാണ്. ഒരു കാലത്ത് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ വലിയൊരു ആഗോള വിപണിയായിരുന്നു അത്.

ഇരുവശങ്ങളിലും വരിവരിയായി നില്‍ക്കുന്ന കല്‍ത്തൂണുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെയായിരുന്നു അവര്‍ നടന്നത് .
പാതയുടെ നടുവില്‍ നിന്നുകൊണ്ട് മാധവന്‍ മാഷ് കൈകള്‍ മലര്‍ത്തി കുട്ടികളോട് ചോദിച്ചു: ‘മക്കളെ, ശൂന്യമായി കിടക്കുന്ന ഈ വലിയ പാത കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?’

‘ഇത് വലിയൊരു റോഡ് പോലെ തോന്നുന്നുണ്ടല്ലോ മാഷേ. പക്ഷേ റോഡിന്റെ ഇരുവശത്തും എന്തിനാ ഈ തൂണുകളൊക്കെ ഇങ്ങനെ നിര്‍ത്തിയിരിക്കുന്നത്?’ അപ്പു ചോദിച്ചു.
‘അപ്പൂ, നമ്മള്‍ ഈ നില്‍ക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പോളമായിരുന്ന ‘ഹംപി ബസാര്‍’ അഥവാ വിരൂപാക്ഷ മാര്‍ക്കറ്റിലാണ്! ഏകദേശം അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് കൃഷ്ണദേവരായരുടെ കാലത്ത്, വിദേശ സഞ്ചാരികളായ അബ്ദുള്‍ റസാഖും ഡൊമിംഗോ പയസും ഒക്കെ ഈ മാര്‍ക്കറ്റ് കണ്ട് അത്ഭുതപ്പെട്ടിരുന്നു. അവരുടെ ഡയറിയില്‍ മാര്‍ക്കറ്റിന്റെ വിശേഷങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്.’
മാഷ് പറഞ്ഞു.

മീര ടീച്ചറും അതിനോട് കൂട്ടിച്ചേര്‍ത്തു, ‘അതേ കുട്ടികളേ, ഈ കാണുന്ന കല്‍ത്തൂണുകള്‍ പണ്ടത്തെ വലിയ ഇരുനില കടകളായിരുന്നു. ഇവിടെ വിദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന കുതിരകള്‍, ആനകള്‍, ചൈനീസ് പട്ടുതുണികള്‍ എന്നിവ വിറ്റിരുന്നു . റോഡരികില്‍ കൂട്ടിയിട്ട് മുത്തുകളും, പവിഴങ്ങളും, വജ്രങ്ങളും ഒക്കെ അളവുപാത്രങ്ങളില്‍ അളന്നു വിറ്റിരുന്ന ലോകത്തിലെ ഒരേയൊരു സമ്പന്ന മാര്‍ക്കറ്റായിരുന്നു ഇത്!’
‘വജ്രങ്ങളും മുത്തുകളും ഒക്കെ വഴിയില്‍ കൂട്ടിയിട്ട് വിറ്റിരുന്നെന്നോ! അപ്പോള്‍ ഇത് എത്ര വലിയ സാമ്പത്തിക ശക്തിയായിരിക്കണം മാഷേ!’ ചിന്തു അത്ഭുതത്തോടെ ചോദിച്ചു.
‘അതെ ചിന്തൂ. പേര്‍ഷ്യ, പോര്‍ച്ചുഗല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഭാരതത്തെ ലക്ഷ്യമാക്കി വന്നത് ഈ മാര്‍ക്കറ്റിനെക്കുറിച്ച് അറിഞ്ഞതുകൊണ്ടു കൂടിയായിരുന്നു. വിജയനഗര സാമ്രാജ്യം അത്രമാത്രം സാമ്പത്തികമായി ശക്തമായിരുന്നു ‘

മാഷ് വിശദീകരിച്ചു.
കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോള്‍ തകര്‍ക്കപ്പെട്ട വലിയ ശില്പങ്ങളും തലയറ്റ കല്‍ത്തൂണുകളും കാണാന്‍ തുടങ്ങി. അപ്പോള്‍ മീനാക്ഷിയുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിച്ചു.

‘മാഷേ, ഇത്രയും മനോഹരമായ ഈ നഗരത്തിലെ ശില്പങ്ങളൊക്കെ ആരാണ് ഇങ്ങനെ അടിച്ചുതകര്‍ത്തത്? എന്താണിവിടെ സംഭവിച്ചത്?’ അവള്‍ ചോദിച്ചു.

മാധവന്‍ മാഷിന്റെ മുഖത്തും ഒരു ഗാംഭീര്യം നിറഞ്ഞു. ‘അത് ചരിത്രത്തിലെ ഏറ്റവും ദുഃഖകരായ സംഭവമാണ് മീനാക്ഷീ. ഹംപിയുടെ സമ്പത്തും പ്രതാപവും കണ്ട് അയല്‍രാജ്യങ്ങളിലെ സുല്‍ത്താനേറ്റുകള്‍ക്ക് വലിയ അസൂയ തോന്നി. ഒടുവില്‍ എ.ഡി. 1565-ല്‍ ഡെക്കാന്‍ സുല്‍ത്താനേറ്റുകള്‍ ഒന്നിച്ചുചേര്‍ന്ന് വിജയനഗര സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ‘തളിക്കോട്ട യുദ്ധം’ എന്നാണ് ഇത് അറിയപ്പെടുന്നത്.’

മീര ടീച്ചര്‍ സങ്കടത്തോടെ തുടര്‍ന്നു, ‘ആ യുദ്ധത്തില്‍ വിജയനഗര സൈന്യം പരാജയപ്പെട്ടു കുട്ടികളേ. യുദ്ധം ജയിച്ച സുല്‍ത്താനേറ്റ് സൈന്യം ഈ വിജ്ഞാന നഗരത്തിലേക്ക് ഇരച്ചുകയറി. കൊള്ളയടിക്കുക മാത്രമല്ല അവര്‍ ചെയ്തത് മനുഷ്യന്‍ കല്ലില്‍ തീര്‍ത്ത ഈ മഹാത്ഭുതങ്ങളെ മുഴുവന്‍ വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ത്തു. കൊട്ടാരങ്ങള്‍ക്ക് തീയിട്ടു. ദിവസങ്ങളോളം ഹംപി കത്തിയെരിഞ്ഞു എന്നാണ് ചരിത്രം പറയുന്നത്.’

‘അയ്യോ! അപ്പോള്‍ നമ്മള്‍ കണ്ട ആ സംഗീതത്തൂണുകളൊക്കെ തകര്‍ക്കാന്‍ നോക്കിയിരുന്നോ മാഷേ?’ അപ്പു പരിഭ്രമത്തോടെ ചോദിച്ചു.

‘നോക്കിയിരുന്നു അപ്പൂ! ആ തൂണുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ അവര്‍ ചില തൂണുകള്‍ വെട്ടിപ്പൊളിച്ചു നോക്കി. പക്ഷേ ഉള്ളില്‍ വെറും കല്ല് മാത്രമാണെന്ന് കണ്ട് അവര്‍ ആ ശ്രമം ഉപേക്ഷിച്ചു . ആ തകര്‍ച്ചയ്‌ക്ക് ശേഷം മനുഷ്യരെല്ലാം ഈ നഗരം ഉപേക്ഷിച്ചു പോയി.’

മാഷ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ കുട്ടികളെല്ലാം കുറച്ചുനേരം നിശബ്ദരായി ആ അവശിഷ്ടങ്ങളിലേക്ക് നോക്കിനിന്നു.
‘മാഷേ, അവര്‍ കെട്ടിടങ്ങള്‍ തകര്‍ത്തുകാണും, പക്ഷേ നമ്മുടെ പൂര്‍വ്വികരുടെ അറിവും ശാസ്ത്രവും തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലല്ലോ. അതുകൊണ്ടല്ലേ നമ്മള്‍ ഇന്നും ഇത് പഠിക്കുന്നത്,’ അപ്പുവിന്റെ വാക്കുകളില്‍ വലിയൊരു ആശ്വാസമുണ്ടായിരുന്നു.

മീര ടീച്ചര്‍ അപ്പുവിന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു, ‘ശരിയാണ് അപ്പൂ. ഭൗതികമായ നിര്‍മ്മിതികള്‍ തകര്‍ന്നാലും ഭാരതത്തിന്റെ വിജ്ഞാനം അനശ്വരമായി നിലനില്‍ക്കും എന്നതിന്റെ തെളിവുകളല്ലെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.’

By admin