തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചിരുന്നത് സതീഷായിരുന്നു. കേസിൽ ആരോപണവിധേയനായ പി.എസ്.സി. അഡീഷണൽ സെക്രട്ടറി ആർ. ഹരിയുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഒക്ടോബർ 26-ന് ഹരിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് സതീഷിനെ പ്രതി ചേർത്തതിന് പിന്നാലെയാണ് പി.എസ്.സി. നടപടി സ്വീകരിച്ചത്. കേസന്വേഷണത്തിലെ മെല്ലെപ്പോക്കും പ്രതികളുടെ അറസ്റ്റ് വൈകുന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനെയും അന്വേഷണസംഘത്തെയും വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പരീക്ഷയിൽ ചില ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കുന്നതിനായി 54 മാർക്കിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മൂല്യനിർണയം നടത്താതെ നിയമവിരുദ്ധമായി പ്രവർത്തിച്ചെന്നാണ് കേസ്. അടുത്തിടെയാണ് സതീഷ് പി.എസ്.സി.യിൽനിന്ന് വിരമിച്ചത്. സംഭവത്തിൽ ക്രമക്കേടല്ല, സാങ്കേതിക പിഴവാണ് ഉണ്ടായതെന്നായിരുന്നു സതീഷിന്റെയും കേസിൽ ആരോപണവിധേയനായ മറ്റൊരു ഉദ്യോഗസ്ഥന്റെയും നിലപാട്.
കേസുമായി ബന്ധപ്പെട്ട് സതീഷിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കാൻ പി.എസ്.സി. നേരത്തെ തീരുമാനിച്ചിരുന്നു. പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിനെയും അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.