• Wed. Oct 28th, 2026

24×7 Live News

Apdin News

രാമായണം വരുന്നു, ദീപാവലിയുമായി; ആദ്യഷോ കഴിഞ്ഞു, ലോകമാകെ നവംബർ 5 ന്

Byadmin

Oct 28, 2026


ലോസ് ആഞ്ചലസ്: പൗരാണികമായ രാമായണം അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് സിനിമയാക്കി ലോകമാകെ ദീപാവലിക്ക് മുന്നോടിയായി എത്തുന്നു. നവംബർ അഞ്ചിന് സിനിമാ ശാലകളിൽ എത്തും. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന പൗരാണിക ഇതിഹാസ ചിത്രമായ ‘രാമായണം’ പരമ്പര സിനിമയിലെ ആദ്യ ഭാഗത്തിന്, ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ്’ എന്നാണ് പേര്. ലോസ് ആഞ്ചലസിൽ സിനിമയുടെ പ്രഥമ ഷോ നടന്നു.
‘അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്‌ചേഴ്‌സി’ൽ ആയിരുന്നു ആദ്യ ഷോ. ചിത്രത്തിലെ പ്രധാന താരങ്ങളായ രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രാവണൻ) എന്നിവരും അണിയറപ്രവർത്തകരും വമ്പൻ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.
ഇന്ന് കാലത്ത് 7 മണിക്കായിരുന്നു ആദ്യ ഷോ. പ്രീമിയറിൽ സംവിധായകൻ നിതേഷ് തിവാരിയും നിർമ്മാതാവ് നമിത് മൽഹോത്രയും പങ്കെടുത്തു.

ചിത്രം ഇംഗ്ലീഷിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുഗു ഭാഷകളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്.

ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂർ, തിളങ്ങുന്ന സിൽവർ നിറത്തിലുള്ള ‘ബന്ദ്ഗള’ വസ്ത്രം ധരിച്ചാണ് പ്രീമിയറിനെത്തിയത്. സായ് പല്ലവി ചുവന്ന സാരിയാണ് തിരഞ്ഞെടുത്തത്. രാക്ഷസരാജാവായ രാവണനെ അവതരിപ്പിക്കുന്ന യാഷ്, പൂർണ്ണമായും കറുത്ത വസ്ത്രധാരണത്തിലാണ് എത്തിയത്.

രാവണനായി വേഷമിടുന്ന യാഷ്, കറുത്ത വസ്ത്രധാരണത്തിനൊപ്പം കറുത്ത സൺഗ്ലാസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലെത്തി. അദ്ദേഹത്തിന്റെ ഭാര്യ രാധിക പണ്ഡിറ്റ്, പച്ചയും സ്വർണ്ണനിറവും ചേർന്ന സിൽക്ക് സാരിയാണ് ധരിച്ചിരുന്നത്.

സീതാദേവിയായി വേഷമിടുന്ന സായ് പല്ലവി, ചുവന്ന സാരിയിൽ ഏറെ ആകർഷണ കേന്ദ്രമായി. ലളിതമായ അലങ്കാരങ്ങളായിരുന്നു അവർ തിരഞ്ഞെടുത്തത്. മുടി അഴിച്ചിട്ട അവർ, ആഭരണങ്ങളും അണിഞ്ഞിരുന്നു.

പ്രധാന താരങ്ങൾ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയും, അവരെ കാണാൻ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ജഡ പിങ്കെറ്റ് സ്മിത്ത്, രോഹിണി അയ്യർ, ബെൻജി കെല്ലി, ഗിസെല്ല മരെംഗോ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പ്രീമിയർ ചടങ്ങിൽ പ്രധാന അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം പങ്കെടുത്തു.

‘രാമായണം’ ഒന്നാം ഭാഗമാണ് നവംബർ 5-ന്, ദീപാവലി ദിനത്തിൽ, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗം അടുത്ത വർഷം ദീപാവലിക്ക്.
ചിത്രത്തിൽ ഹനുമാനായി സണ്ണി ഡിയോൾ, ദശരഥനായി അരുൺ ഗോവിൽ (ടിവി സീരിയലിലെ ശ്രീരാമൻ), കൈകേയിയായി ലാറ ദത്ത, ലക്ഷ്മണനായി രവി ദുബെ, ജടായുവായി അനുപം ഖേർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

നമിത് മൽഹോത്രയുടെ ‘പ്രൈം ഫോക്കസ്’, യാഷിന്റെ ‘മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ്’ എന്നീ നിർമ്മാണ കമ്പനികൾ സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

By admin