• Wed. Oct 28th, 2026

24×7 Live News

Apdin News

ക്രിക്കറ്റിൽ ‘ബാലൻ ഡി ഓർ’ നൽകിയാൽ 2026-ൽ ആര് നേടും? സഞ്ജു തകർക്കും, വൈഭവിനെ വെല്ലാൻ ആരുണ്ട്?

Byadmin

Oct 28, 2026


തിരുവനന്തപുരം: ഫുട്ബോളിലെ ഏറ്റവും പരമോന്നതവും അഭിമാനകരവുമായ വ്യക്തിഗത പുരസ്കാരമാണ് ബാലൻ ഡി ഓർ (Ballon d’Or).

ഫിഫയുടെയോ യുവേഫയുടെയോ മികച്ച താരത്തിനുള്ള ബഹുമതികളേക്കാൾ ആരാധകരും കളിക്കാരും വൈകാരികമായും വിലമതിപ്പോടെയും കാണുന്നത് ബാലൻ ഡി ഓറിനെയാണ്.

ഇത്തവണത്തെ ഫുട്ബോൾ ബാലൻ ഡി ഓർ പുരസ്കാരം ഇംഗ്ലീഷ് താരം ഹാരി കെയ്ൻ സ്വന്തമാക്കിയിരുന്നു.

എന്നാൽ, ഫുട്ബോളിന്റെ ഈ മാതൃക ക്രിക്കറ്റിലേക്കും വ്യാപിപ്പിച്ചാൽ 2026-ൽ ആർക്കായിരിക്കും പുരസ്കാരം ലഭിക്കുക?

ക്രിക്കറ്റിൽ ബാലൻ ഡി ഓർ ഏർപ്പെടുത്തിയാൽ പുരസ്കാര നിറവിലെത്താൻ സാധ്യതയുള്ള മുൻനിര താരങ്ങളെയും അവരുടെ പ്രകടനങ്ങളെയും പരിശോധിക്കാം:

  1. സഞ്ജു സാംസൺ (ഒന്നാം സ്ഥാനം)

ബാലൻ ഡി ഓറിലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ബഹുമതി സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് മലയാളി താരം സഞ്ജു സാംസണിനാണ്.

വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ വൻ ജനപിന്തുണ സഞ്ജുവിന് ലഭിക്കുമെന്ന് ഉറപ്പാണ്.

2026-ലെ ടി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജുവിന്റെ മാസ്മരിക പ്രകടനമാണ് ഇതിന് പ്രധാന കാരണം.

അഞ്ച് ഇന്നിങ്സുകളിൽ നിന്നായി 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവായിരുന്നു.

ഈ വർഷം മറ്റ് നിരവധി മാച്ച് വിന്നിങ് ഇന്നിങ്സുകളിലൂടെയും സഞ്ജു ക്രിക്കറ്റ് ലോകത്തെ കൈയടി നേടിയിട്ടുണ്ട്.

  1. ട്രാവിസ് ഹെഡ് (രണ്ടാം സ്ഥാനം)

ഓസ്ട്രേലിയയുടെ സൂപ്പർ ബാറ്റർ ട്രാവിസ് ഹെഡാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ സാധ്യതയുള്ള താരം. 2025-26 ആഷസ് ടെസ്റ്റ് പരമ്പരയിൽ ഗംഭീര പ്രകടനമാണ് ഹെഡ് കാഴ്ചവെച്ചത്.

10 ഇന്നിങ്സുകളിൽ നിന്ന് 62.90 ശരാശരിയിൽ 629 റൺസ് താരം സ്വന്തമാക്കി. മൂന്ന് ഫോർമാറ്റിലും ഒരുപോലെ സ്ഥിരത പുലർത്താൻ കഴിയുന്നു എന്നതാണ് ഹെഡിനെ രണ്ടാം സ്ഥാനത്തിന് അർഹനാക്കുന്നത്.

  1. ജസ്പ്രീത് ബുംറ (മൂന്നാം സ്ഥാനം)

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്ത് എത്തിയേക്കും.

ടി-20 ലോകകപ്പ് ഫൈനലിൽ 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ പ്രകടനമടക്കം ബുംറയുടെ ബൗളിങ് മികവ് അതിശയിപ്പിക്കുന്നതായിരുന്നു.

സമാനതകളില്ലാത്ത യോർക്കറുകളിലൂടെയും വേഗതയിലൂടെയും ഒറ്റയ്ക്ക് കളിയുടെ ഗതി മാറ്റാൻ ശേഷിയുള്ള ബുംറ പട്ടികയിൽ മൂന്നാമനാകാൻ പൂർണ്ണ യോഗ്യനാണ്.

  1. മിച്ചൽ സ്റ്റാർക്ക് (നാലാം സ്ഥാനം)

ഓസ്ട്രേലിയയുടെ ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനാണ് നാലാം സ്ഥാനം നൽകാനാവുക. 2025-26 ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ 31 വിക്കറ്റുകൾ വീഴ്ത്തി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി സ്റ്റാർക്ക് മാറിയിരുന്നു.

ഈ സീസണിൽ ഉടനീളം താരം കാഴ്ചവെച്ച സ്ഥിരതയാർന്ന പ്രകടനമാണ് നാലാം സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണം.

  1. ജോ റൂട്ട് (അഞ്ചാം സ്ഥാനം)

ഇംഗ്ലണ്ട് ടെസ്റ്റ് നായകനായ ജോ റൂട്ട് അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചേക്കും. ടെസ്റ്റിലും ഏകദിനത്തിലും മികച്ച ബാറ്റിങ് ഫോം തുടരുന്ന റൂട്ട്, സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റിലെ പല ചരിത്ര റെക്കോർഡുകളും ഇതിനോടകം മറികടന്നിട്ടുണ്ട്.

ബാറ്റിങ് മികവും അനുഭവസമ്പത്തുമാണ് റൂട്ടിനെ ടോപ്പ് ഫൈവിൽ എത്തിക്കുന്നത്.

മികച്ച യുവതാരം: വൈഭവ് സൂര്യവംശി

2026-ലെ മികച്ച യുവതാരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം 15-കാരനായ വൈഭവ് സൂര്യവംശി തന്നെ നേടിയെടുത്തേക്കും.

ഐപിഎല്ലിലും ഇന്ത്യൻ ടീമിലും ഒരുപോലെ അസാമാന്യ പ്രകടനം പുറത്തെടുക്കാൻ ഈ കൗമാര താരത്തിന് സാധിക്കുന്നുണ്ട്.

ഇന്ത്യയുടെ അടുത്ത സൂപ്പർ താരമായി വളർന്നു വരുന്നവനാണ് വൈഭവ് എന്ന് നിസംശയം പറയാം.

മികച്ച വനിതാ താരം

മികച്ച വനിതാ താരത്തിനുള്ള ബാലൻ ഡി ഓർ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർമാരായ സ്മൃതി മന്ദാന, ഷഫാലി വർമ്മ എന്നിവരിലൊരാൾക്ക് ലഭിക്കാനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.







By admin