മലയാളികളും തമിഴരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ (Scene). വമ്പൻ വിജയം നേടിയ ‘ആവേശ’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. സൂര്യയും ജ്യോതികയും ചേർന്ന് ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മുഴുവൻ ഫ്രേമിലും തമിഴ് പശ്ചാത്തലമൊരുങ്ങുന്ന ചിത്രത്തിൽ ഒട്ടനവധി മലയാളി താരങ്ങളും അണിയറപ്രവർത്തകരും അണിനിരക്കുന്നുണ്ട്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നസ്രിയ തമിഴിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കൂടാതെ മലയാളത്തിന്റെ പ്രിയതാരം നസ്ലെൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ സൂര്യയുടെ വില്ലനായാണ് വേഷമിടുന്നത്. സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു പക്കാ ക്രൈം കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
ചെന്നൈയിൽ വെച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ആന്റ് ട്രെയ്‌ലർ ലോഞ്ച് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസിനൊരുങ്ങുന്ന ട്രെയ്‌ലറിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചടങ്ങിൽ സംസാരിക്കവെ ചിത്രത്തെക്കുറിച്ച് ശക്തി ഫിലിം ഫാക്ടറിയുടെ ഉടമയും ഡിസ്ട്രിബ്യൂട്ടറുമായ ശക്തിവേലൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സിനിമാേളകങ്ങളിൽ ചർച്ചയാകുന്നത്.
ചിത്രം കണ്ടിട്ടാണ് താൻ സംസാരിക്കുന്നതെന്നും തമിഴ് സിനിമ ചരിത്രത്തിൽ ഇതുപോലൊരു ഴോണർ വന്നിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ശക്തിവേലന്റെ വാക്കുകൾ ഇങ്ങനെ:
“സീൻ സിനിമ കണ്ടിട്ടാണ് ഞാൻ ഈ സ്റ്റേജിൽ നിൽക്കുന്നത്. എന്തൊരു ചിത്രമാണ് ‘സീൻ’! ഇത് പൂർണ്ണമായും ഒരു പുതിയ ഴോണറാണ്. നിങ്ങൾ പലതരം ഹൊറർ കോമഡി ചിത്രങ്ങൾ കണ്ടിട്ടുണ്ടാകാം, എന്നാൽ ഇതൊരു പെർഫെക്ട് ക്രൈം കോമഡി ത്രില്ലർ ചിത്രമാണ്. ഇതുപോലൊരു സിനിമ തമിഴ് ഇൻഡസ്ട്രിയിൽ ഇന്നുവരെ ഇറങ്ങിയിട്ടേയില്ല.
വളരെ കംഫർട്ടായിട്ടാണ് ഞാൻ പടം കാണാൻ തുടങ്ങിയത്. എന്നാൽ ചിത്രം പുരോഗമിക്കുന്തോറും അതിന്റെ ആവേശം കൂടിവന്നു. വളരെ ലളിതമായ മൂഡിൽ തുടങ്ങി പെട്ടെന്നാണ് ചിത്രം ഹൈ പിച്ചിലേക്ക് ടേക്ക് ഓഫ് ചെയ്തത്. ഇന്റർവെൽ സീനൊക്കെ തികച്ചും ‘ബ്ലാസ്റ്റ്’ ആയിരുന്നു.
സാധാരണ ചിത്രങ്ങളിൽ ഒന്നോ രണ്ടോ തിയേറ്റർ മൊമന്റുകളേ ഉണ്ടാകൂ, എന്നാൽ സീനിൽ ആറ് തിയേറ്റർ മൊമന്റുകളാണുള്ളത്. സെക്കൻഡ് ഹാഫിലെ ഓരോ സീനും പക്കാ തിയേറ്ററിക്കൽ അനുഭവമായിരിക്കും നൽകുക.”
ശ്രീഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത്.
അടുത്തിടെ റിലീസ് ചെയ്ത വൻകിട ചിത്രങ്ങൾ കേരളത്തിൽ നിന്നും വലിയ കളക്ഷൻ നേടിയ പശ്ചാത്തലത്തിൽ, മലയാളികൾ കൂടി അണിനിരക്കുന്ന ‘സീൻ’ തിയേറ്ററുകളിൽ ആഘോഷമാക്കിയാൽ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
The post “ഇങ്ങനെയൊരു പടം തമിഴില്‍ ഇതുവരെ വന്നിട്ടില്ല”; സൂര്യയുടെ ‘സീൻ’ സിനിമയെ വാനോളം പുകഴ്ത്തി ഡിസ്ട്രിബ്യൂട്ടർ appeared first on Chandrika Daily.