• Thu. Nov 5th, 2026

24×7 Live News

Apdin News

ഇനി ഒരു അമ്മയുടെയും കണ്ണീര് കേരളത്തിൽ വീഴില്ല; ക്യാമ്പസുകളിലെ റാഗിംഗ് തടയാൻ സിദ്ധാർത്ഥൻ ആപ്പ് അവതരിപ്പിച്ച് മുഖ്യമന്ത്രി

Byadmin

Nov 4, 2026


വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിടുന്ന സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. തിരുവനന്തപുരം ഗവ: വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ സിദ്ധാർത്ഥൻ ആപ്പിന്റെ മാതൃക ഡിജിറ്റൽ സർവകലാശാല വിദ്യാർഥിനി പൗശാലിക്ക് നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പൗശാലിയുടെ ഫോണിൽ നിന്ന് ആപ്പിലേക്ക് അയച്ച മെസേജ് അധികാരികൾക്ക് തത്സമയം ലഭിക്കുന്നത് വേദിയിൽ പ്രദർശിപ്പിച്ചു. സിദ്ധാർത്ഥന്റെ അമ്മയും ചടങ്ങിൽ പങ്കെടുത്തു.

ഇനി ഒരാൾക്കും തന്റെ അനുഭവം ഉണ്ടാകരുതെന്ന സിദ്ധാർത്ഥന്റെ അമ്മയുടെ വാക്കുകളിൽ നിന്നാണ് സിദ്ധാർത്ഥൻ ആപ്പ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് എന്തെങ്കിലും പരാതികളോ മാനസിക പ്രയാസങ്ങളോ ഉണ്ടെങ്കിൽ ആപ്പിൽ സന്ദേശമയയ്ക്കാം. അയയ്ക്കുന്ന ആളുടെ പേര് വെളിപ്പെടുത്തില്ല. റാഗിങ് നടത്തുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ ആപ്പ്. റാഗിങ്ങിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനി ഒരു സിദ്ധാർഥൻ ഉണ്ടാകാൻ പാടില്ലെന്ന ഉത്തമ ബോധ്യം സർക്കാരിനുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ഒരു ആശങ്കയുമില്ലാതെ കേരളത്തിലെ ഏതൊരു ക്യാമ്പസിലേക്കും മക്കളെ അയയ്ക്കാൻ മാതാപിതാക്കൾക്ക് സർക്കാർ ധൈര്യം പകരും. റാഗിങ് മാത്രമല്ല, അക്രമങ്ങളും അരാജകത്വവും പോർവിളികളും ക്യാമ്പസുകളിൽ വേണ്ടെന്നും മന്ത്രി പറഞ്ഞു.

റാഗിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്നതാണ് സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്. വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും. ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് രൂപകൽപന ചെയ്തത്. ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിങ് കമ്മീഷൻ രൂപീകരിക്കുന്നതിനുമായി സിദ്ധാർത്ഥ് ആന്റി റാഗിങ് ആക്ടിന്റെ കരട് സർക്കാരിന്റെ പരിഗണനയിലാണ്.







By admin