• Wed. Nov 4th, 2026

24×7 Live News

Apdin News

തീവ്ര വലതുപക്ഷത്തിന്റെ പതനം ലോകത്ത് തുടങ്ങിക്കഴിഞ്ഞു; ട്രംപിന്റെ തോല്‍വി ഇന്ത്യയിലും പ്രതിഫലിക്കും: അഡ്വ. ഷിബു മീരാന്‍

Byadmin

Nov 4, 2026


അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നേരിട്ട കടുത്ത തിരിച്ചടി ആഗോളതലത്തില്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ വിധിയെന്നും, ഫാദര്‍ലാന്‍ഡിലെ ഈ തോല്‍വി മദര്‍ലാന്‍ഡായ ഇന്ത്യയിലെ തിരിച്ചടിയുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷിഗണില്‍ അല്‍ സയീദ് വിജയിച്ചാല്‍ സെനറ്റ് കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ വെക്കേണ്ടി വരുമെന്ന ട്രംപിന്റെ പരാമര്‍ശവും, ഇല്‍ഹാം ഉമറിനെതിരെ വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ കുത്തിപ്പൊക്കിയുള്ള അന്വേഷണങ്ങളും ഇതിന് തെളിവാണ്. കാലിഫോര്‍ണിയയിലെ ഇരുപതിനായിരത്തോളം വോട്ടര്‍മാര്‍ പൗരന്മാരല്ലെന്ന് വ്യാജേന അവരുടെ വോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതും, ഇറാനില്‍ അണുബോംബ് പ്രയോഗിക്കുമെന്ന തരത്തിലുള്ള യുദ്ധാക്രമണങ്ങളും തീവ്ര വലതുപക്ഷത്തിന്റെ പതിവു തന്ത്രങ്ങളുടെ ഭാഗമായിരുന്നു.

ഇന്ത്യയിലേതുപോലെ മുസ്ലിം വിദ്വേഷം, കള്ളക്കേസുകള്‍, വോട്ട് ചോര്‍ച്ച, ഉന്മാദ ദേശീയത എന്നിവയെല്ലാം പരീക്ഷിച്ച ശേഷമാണ് ട്രംപ് പരാജയപ്പെട്ടിരിക്കുന്നത്. ബ്രസീലിലെ തീവ്ര വലതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തിരിച്ചടിയും ഇസ്രായേലില്‍ നെതന്യാഹുവിന് അധികാരത്തില്‍ തുടരാനാവാത്ത സാഹചര്യവും ഈ മാറ്റത്തിന്റെ തുടര്‍ച്ചയാണെന്ന് ഷിബു മീരാന്‍ വിലയിരുത്തി.

ലോകമെമ്പാടുമുള്ള ഏകാധിപതികള്‍ തങ്ങളുടെ അനിവാര്യമായ വിധിയെ തലതാഴ്ത്തി നേരിടേണ്ടി വരുന്ന കാലമാണിത്. അരികുവത്കരിക്കപ്പെട്ട മനുഷ്യര്‍ അവരുടെ ശബ്ദം തിരിച്ചുപിടിക്കുന്നതും തീവ്ര വലതുപക്ഷത്തിന്റെ ആഗോള അച്ചുതണ്ട് തകരുന്നതുമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







By admin