ഗുവാഹത്തി : സർക്കാർ ഭൂമി അനധികൃതമായി കയ്യേറി വീട് കെട്ടി പാർക്കുന്ന റോഹിംഗ്യൻ – ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകളെ ഒഴിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയ അൽ ജസീറ ചാനലിന് തക്ക മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ധുബ്രി ജില്ലയിൽ നടന്നു വരുന്ന കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നാണ് ഹിമന്ത വ്യക്തമാക്കിയിരിക്കുന്നത് . അനധികൃതമായി കൈയേറിയ മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കുന്നത് വരെ ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിന് ധുബ്രി ജില്ലയിൽ നടന്ന ഭൂമി ഒഴിപ്പിക്കൽ നടപടിയെക്കുറിച്ച് ‘അൽ ജസീറ’ പ്രസിദ്ധീകരിച്ച വർഗീയ സ്വഭാവമുള്ള റിപ്പോർട്ടിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നമ്മുടെ ഭൂമിയുടെ ഓരോ ഇഞ്ചും തിരിച്ചുപിടിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല,” എന്ന് ‘ജിഹാദി’ മാധ്യമമായ അൽ ജസീറയുടെ റിപ്പോർട്ടിന് മറുപടിയായി ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചു. മുസ്ലീം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള സർക്കാർ നടപടിയുടെ ഭാഗമായാണ് ഈ ഒഴിപ്പിക്കൽ നടന്നതെന്നാണ് അൽ ജസീറയുടെ റിപ്പോർട്ടിൽ അവകാശപ്പെട്ടത്.
ഇന്ത്യയ്‌ക്കും ഹിന്ദുക്കൾക്കും എതിരായ അജണ്ട സ്ഥിരമായി പിന്തുടരുന്ന മാധ്യമമാണ് അൽ ജസീറ. മുസ്ലീങ്ങൾ ഇരകളാക്കപ്പെടുന്നു എന്ന വ്യാജ പ്രചാരണത്തിന്റെ ഭാഗമായി, അസമിലെ ധുബ്രിയിൽ നടന്ന കൈയേറ്റം ഒഴിപ്പിക്കൽ നടപടി ‘ബംഗാളി സംസാരിക്കുന്ന 4,000 മുസ്ലീങ്ങളെ’ കുടിയൊഴിപ്പിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ റിപ്പോർട്ടും അവർ പുറത്തുവിട്ടു.
എന്നാൽ വാസ്തവത്തിൽ ധുബ്രി ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഗൗരിപ്പൂരിലെ ‘ആലംഗഞ്ച് പാർട്ട്-IX’-ൽ നടന്ന ഒഴിപ്പിക്കൽ നടപടി, അന്യാധീനപ്പെട്ട ഏകദേശം 215 ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനായി നടത്തിയതാണ്. ഇവിടെ അനധികൃതമായി 550-ഓളം വീടുകൾ നിർമ്മിച്ചിരുന്നു.