• Wed. Nov 4th, 2026

24×7 Live News

Apdin News

മനുഷ്യർ ഒഴിഞ്ഞ കാടതിരുകളിൽ ലഹരിയൊഴുക്ക്; മലയോരത്ത് വാറ്റുകേന്ദ്രങ്ങൾ സജീവം

Byadmin

Nov 4, 2026



മുണ്ടക്കയം ഈസ്റ്റ്: വന്യമൃഗശല്യത്തെത്തുടർന്ന് ജനവാസം കുറഞ്ഞ മലയോര മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ മാഫിയ പിടിമുറുക്കുന്നതായി പരാതി. കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളായ മതമ്പ, ചെന്നപ്പാറ, കൊമ്പൻപാറ എന്നിവിടങ്ങളിലാണ് വ്യാജമദ്യ നിർമാണവും വിൽപ്പനയും സജീവമായിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയും ടാപ്പിങ് തൊഴിലാളിയും ഉൾപ്പെടെ രണ്ടുപേർ മരിച്ചിരുന്നു. കാട്ടുപന്നി, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായതും കൃഷി വ്യാപകമായി നശിക്കുന്നതും പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കിയിട്ടുണ്ട്. ഇതോടെ പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചിരുന്ന നിരവധി കുടുംബങ്ങൾ വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും താമസം മാറി. ജനവാസം കുറഞ്ഞ ഈ സാഹചര്യം വ്യാജമദ്യ നിർമാണ സംഘങ്ങൾ മുതലെടുക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ടി.ആർ. ആൻഡ് ടി എസ്റ്റേറ്റിൽ റബർ വെട്ടിമാറ്റിയ ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് നടക്കുന്ന കൈതക്കൃഷിയിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളെയാണ് പ്രധാനമായും വ്യാജമദ്യ സംഘം ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ ക്യാമ്പുകളിലേക്ക് നേരിട്ട് മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും പ്രവർത്തിക്കുന്നതായി പരാതിയുണ്ട്. കൂടാതെ കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്കും ഇവിടെനിന്ന് നാടൻ ചാരായം എത്തിക്കുന്നതായും നാട്ടുകാർ പറയുന്നു.

ചെന്നപ്പാറ, മതമ്പ, കൊമ്പൻപാറ മേഖലകളിലേക്കുള്ള റോഡുകൾ വർഷങ്ങളായി തകർന്നുകിടക്കുന്നത് പരിശോധനാ സംഘങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. പൊലീസിനും എക്സൈസിനും വാഹനങ്ങളിൽ സമയബന്ധിതമായി സ്ഥലത്തെത്താൻ കഴിയാത്തത് മദ്യനിർമാണ സംഘങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ആളുകളെ നിയോഗിച്ചിട്ടുള്ള സംഘങ്ങൾ റെയ്ഡ് വിവരം മുൻകൂട്ടി അറിഞ്ഞ് വനത്തിനുള്ളിലേക്ക് കടന്നുകളയുന്നതായും പരാതിയുണ്ട്.

വ്യാജമദ്യ നിർമാണവും വിതരണവും തടയാൻ വനമേഖലയിൽ പൊലീസും എക്സൈസും സംയുക്തമായി പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മദ്യമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

By admin