ന്യൂദൽഹി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം 2027 മെയ് – ജൂൺ മാസങ്ങളിൽ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രണ്ട് മുതൽ നാല് മാസത്തെ പരീക്ഷണത്തിന് ശേഷം ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വഡോദരയിൽ നടന്ന ‘നമോ ഫോർ വിക്ഷിത് ഭാരത്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
ആത്മനിർഭർ ഭാരത് എന്ന ദർശനത്തിന് അനുസൃതമായാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. വഡോദരയിൽ നിന്ന് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്താൽ ഒന്നര മണിക്കൂറിനുള്ളിൽ മുംബൈയിലെത്താം. പദ്ധതിയുടെ പണികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. സൂറത്ത്-വാപ്പി ഭാഗത്തിന്റെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകും’- അദ്ദേഹം പറഞ്ഞു.
ദൽഹിയിൽ നിന്ന് ലഖ്നൗവിലേക്കുള്ള 495 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രണ്ട് മണിക്കൂർ 12 മിനിറ്റ് എടുക്കുന്ന അതിവേഗ റെയിൽ ഇടനാഴി പദ്ധതിയെക്കുറിച്ചും അശ്വനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്‌ക്കുന്നതിന് നിർദ്ദിഷ്ട അതിവേഗ കണക്ഷൻ സഹായിക്കും. നിർദ്ദിഷ്ട ഇടനാഴിയിൽ ഡൽഹിക്കും കാൺപൂരിനും ഇടയിലുള്ള ദൂരം ഏകദേശം 455 കിലോമീറ്ററായി കണക്കാക്കപ്പെടുന്നു.
ഈ തദ്ദേശീയ ഹൈസ്പീഡ് ട്രെയിനിന്റെ ആദ്യത്തെ ബോഡി ഫ്രെയിം വിജയകരമായി നിർമ്മിച്ച്, അതിന്റെ ഘടനാപരമായ കരുത്ത് പരിശോധിക്കുന്നതിനുള്ള നിർണ്ണായകമായ ‘സ്ക്വീസ് ടെസ്റ്റിനായി’ അയച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ട്രെയിനിന്റെ ബോഡിക്ക് ഉയർന്ന വേഗതയിലുണ്ടാകുന്ന സമ്മർദ്ദങ്ങളെ എത്രത്തോളം പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന നടത്തുന്നത്.
പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ രാജ്യത്തിന് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.