ഷഹബാസ് വെള്ളില
കൊൽക്കത്ത: കരുത്തരായ ബ്രസീലിനെതിരെ തോറ്റെങ്കിലും ഇന്ത്യൻ പോരാട്ട വീരത്തിന് ഫുട്ബോൾ ലോകത്തിന്റെ കൈയടി. ബ്രസീൽ മാധ്യമങ്ങൾ വരെ ഇന്ത്യൻ ഫുട്ബാളിലെ മാറ്റത്തെ ആവേശപൂർവമാണ് സ്വീകരിച്ചത്.
ഇന്ത്യയിലെ, പ്രത്യേകിച്ച് കൊൽക്കത്തയിലെ ബ്രസീൽ ആരാധകരുടെ സ്നേഹം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി അറിയിച്ചു. നാലു ഗോളിന് തോറ്റെങ്കിലും മികച്ച മത്സരമാണ് ഇന്ത്യ പുറത്തെടുത്തത്.
ബ്രസീലിനെ പോലെ ഒരു ടീമിനെതിരെ ഇന്ത്യക്ക് വ്യക്തമായ ഗെയിം പ്ലാൻ ഉണ്ടായിരുന്നു. കടുത്ത പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു കളിയുടെ സൗന്ദര്യം നശിപ്പിക്കുന്ന രീതിയായിരുന്നില്ല ഇന്ത്യ സ്വീകരിച്ചത്. പ്രതിരോധം ശക്തമാക്കുമ്പോഴും അവസരങ്ങൾ മുതലാക്കി ആക്രമണം നടത്താൻ ഇന്ത്യക്ക് ആയി. ചില മുന്നേറ്റങ്ങൾ പാടുപെട്ടാണ് ബ്രസീൽ പ്രതിരോധം തടഞ്ഞിട്ടത്. പ്രധാനമായും ഗോൾ കീപ്പറിന് നിന്നടക്കുള്ള ചില ഗുരുതര പിഴവുകളാണ് ഇന്ത്യക്ക് വിനയയത്. 28 മിനുറ്റ് വരെ വിനീഷ്യസ് അടങ്ങുന്ന മുന്നേറ്റ നിരയെ തടഞ്ഞു നിർത്താൻ ഇന്ത്യൻ പ്രതിരോധത്തിനായി. ബ്രസീൽ നേടിയ നാലു ഗോളുകളിൽ മൂന്നും ഇന്ത്യൻ താരങ്ങളുടെ പിഴവ് മുതലാക്കി നേടിയതായിരുന്നു.
മത്സരത്തിൽ 35 ശതമാനം ബോൾ പൊസിഷൻ ആണെങ്കിൽ പോലും കിട്ടിയ സമയം ബ്രസീൽ പകുതിയിൽ അപകടം നിറക്കാൻ പലപ്പോഴും കഴിഞ്ഞു. രണ്ട് ഷോട്ടുകൾ ഗോൾ പോസ്റ്റിലേക്ക് പായിപ്പിച്ചു. ഇന്ത്യൻ താരങ്ങളെ വീഴ്ത്തിയതിനു ഏഴ് തവണയാണ് ബ്രസീലിനെതിരെ ഫൗൾ വിധിക്കപ്പെട്ടത്. എന്നാൽ ബ്രസീലിന് അനുകൂലമായി രണ്ട് ഫൗളുകൾ മാത്രമാണ് ലഭിച്ചത്. വലിയ ടീമിനെതിരെ ആയിട്ടും സമ്മർദ്ദം ഒട്ടും ഇല്ലാതെയാണ് ടീം പന്ത് തട്ടിയത്. ഇത് വലിയ മാറ്റമായി തന്നെ ആണ് വിലയിരുത്തപെടുന്നത്.
ഇന്ത്യൻ ടീം നന്നായി കളിച്ചു: കാർലോ ആൻസലോട്ടി
ഇന്ത്യൻ ടീമിന്റെ പ്രകടനത്തെക്കുറി ഇന്ത്യൻ ടീം മികച്ച രീതിയിലാണ് കളിച്ചത്. വളരെ കൃത്യമായ പ്രതിരോധ നിര തീർക്കാനും ഒപ്പം കൗണ്ടർ അറ്റാക്കുകൾ നടത്താനും അവർ ശ്രമിച്ചു. ആദ്യത്തെ 27 മിനിറ്റുകളിൽ ഗോൾ കണ്ടെത്താൻ ഞങ്ങൾ നന്നായി ബുദ്ധിമുട്ടി. എന്നാൽ 28-ാം മിനിറ്റിൽ എസ്തേവാവോയിലൂടെ ആദ്യ ഗോൾ നേടിയതിന് ശേഷമാണ് മത്സരത്തിൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായത്. ലോകകപ്പിന് ശേഷമുള്ള ബ്രസീൽ ടീമിന്റെ പുനർനിർമ്മാണത്തിന് ഈ മത്സരം വളരെ സഹായകരമാവും . എസ്തേവാവോ, പെഡ്രോ, സാമുവൽ ലിനോ എന്നീ യുവതാരങ്ങൾ ഗോളുകൾ നേടിയത് പോസിറ്റീവ് ആയി കാണുന്നു. കൊൽക്കത്തയിലെ ഫുട്ബോൾ അന്തരീക്ഷവും സ്റ്റേഡിയത്തിലെ കാണികളും ആവേശമായിരുന്നു. ഇന്ത്യയിൽ തനിക്കും ബ്രസീൽ ടീമിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി.
സംതൃപ്തനല്ല കാലിദ് ജമീൽ
മത്സരത്തിൽ ടീം വരുത്തിയ വ്യക്തിഗത പിഴവുകളും ശ്രദ്ധക്കുറവുമാണ് തോൽവിക്ക് പ്രധാന കാരണം. ഞങ്ങൾ വഴങ്ങിയതിൽ രണ്ടോ മൂന്നോ ഗോളുകൾ വളരെ ലളിതമായി ഒഴിവാക്കാമായിരുന്ന സോഫ്റ്റ് ഗോളുകളായിരുന്നു. നിരവധി തെറ്റുകൾ കളിയിൽ സംഭവിച്ചു. രണ്ടാം പകുതിയിൽ ഒരുപാട് സബ്‌സ്റ്റിറ്റ്യൂഷനുകൾ നടത്തി എല്ലാ കളിക്കാർക്കും അവസരം നൽകാൻ ശ്രമിച്ചെങ്കിലും, പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ അവർക്ക് കഴിഞ്ഞില്ല. ഒരുപക്ഷേ കളിക്കാർക്ക് സ്വന്തം കഴിവിൽ മതിയായ ആത്മവിശ്വാസമില്ലാത്തതു കൊണ്ടാകാം ഇത്. ഗുർപ്രീത് മികച്ച കളിക്കാരനാണ്. മത്സരത്തിലെ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ടീം മുന്നോട്ട് പോവും. ശക്തരായ ടീമുകൾക്കെതിരെ കളിക്കുന്നത് ടീമിന്റെ പുരോഗതിക്ക് അനിവാര്യമാണ്. ഇത്തരം മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവസമ്പത്ത് കളിക്കാരുടെ ശ്രദ്ധയും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കും. ഒക്ടോബർ 6-ന് നടക്കാനിരിക്കുന്ന ഉറൂഗ്വെയ്ക്കെതിരായ അടുത്ത സൗഹൃദ മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.