
മഴക്കാലമായതോടെ ഇന്‍ഫ്‌ളുവന്‍സ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണിത്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. പനിക്കു പുറമെ തലവേദന, തൊണ്ടവേദന, ശരീരവേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗബാധിതരായ വ്യക്തികളില്‍നിന്ന് ശ്വസനം, തുമ്മല്‍, ചുമ എന്നിവയിലൂടെ മറ്റുള്ളവരിലേക്ക് രോഗം വേഗം പകരുകയും ചെയ്യും. മലിനമായ കൈകളാല്‍ ചുണ്ടുകളിലോ കണ്ണുകളിലോ മൂക്കിലോ സ്പര്‍ശിക്കുന്നതിലൂടെയും ഒരാള്‍ക്ക് പനി പിടിപെടാം. മിക്ക ആളുകളും ഇന്‍ഫ്‌ളുവന്‍സയില്‍ നിന്ന് 5 മുതല്‍ 7 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കും. എങ്കിലും ക്ഷീണവും നേരിയ ചുമയും രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ കൃത്യമായി ചികിത്സ തേടുകയും വിശ്രമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോഗം തടയുന്നതിനായി വര്‍ഷംതോറും ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ എടുക്കുന്നത് ഉചിതമാണ്. അണുബാധയുടെ തീവ്രത കുറയ്‌ക്കുന്നതിന് ഇത് ഉപകരിക്കും.
ഇന്‍ഫ്‌ളുവന്‍സ ഗുരുതരമാകാതിരിക്കാന്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. രോഗം ബാധിച്ച് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരും, ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നവരും ഉടനടി ചികിത്സ തേടണം. ചിലരില്‍ നെഞ്ചുവേദന, സമ്മര്‍ദ്ദം, പെട്ടെന്നുള്ള തലകറക്കം, കഠിനമായ ഛര്‍ദ്ദി എന്നിവയും ഉണ്ടാകാറുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഇന്‍ഫ്‌ളുവന്‍സ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയേറെയാണ്. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ആസ്ത്മയുടെ തീവ്രത കൂടുക, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം തുടങ്ങിയവ ഇന്‍ഫ്‌ളുവന്‍സയുടെ സങ്കീര്‍ണ്ണതകളാകാറുണ്ട്. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ മരുന്ന് കഴിച്ചാല്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം കുറയ്‌ക്കാനും സങ്കീര്‍ണ്ണതകള്‍ തടയാനും സഹായിക്കും.
രോഗം ബാധിച്ചവര്‍ക്ക് പൂര്‍ണ്ണ വിശ്രമം അനിവാര്യമാണ്. ചെറുചൂടുവെള്ളം ധാരാളമായി കുടിക്കണം. ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കും. രോഗപ്രതിരോധത്തിനും ഊര്‍ജ്ജം വീണ്ടെടുക്കുന്നതിനുമായി മതിയായ ഉറക്കവും ആവശ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, മാസ്‌ക് ധരിക്കുന്നത് ശീലമാക്കുക.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കൃത്യമായി കഴുകി ശുചിത്വം പാലിക്കുക.
മേശപ്പുറങ്ങള്‍, ഫര്‍ണിച്ചറുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാലയോ കൈമുട്ടോ ഉപയോഗിച്ച് മറയ്‌ക്കുന്നത് അണുബാധ പടരാനുള്ള സാധ്യത കുറയ്‌ക്കും.
വായ, മൂക്ക്, കണ്ണുകള്‍ എന്നിവയില്‍ കൈകള്‍ കഴുകാതെ തൊടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.
എല്ലാ ദിവസവും രാത്രി 6 മുതല്‍ 8 മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങുക.
വ്യായാമത്തിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക.