ഇൻഡോർ: വെടിക്കെട്ട് തുടർന്ന് അഭിഷേക് ശർമ്മ ചരിത്രത്തിനൊപ്പം. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20ഐ സിക്സറുകൾ എന്ന സൂര്യകുമാർ യാദവിന്റെ റെക്കോർഡിനൊപ്പമാണ് ഇടംകൈയ്യൻ ഓപ്പണർ എത്തിയത്.
ഞായറാഴ്ച ഹോൾക്കർ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ 5 സിക്സ് പറത്തിയതോടെ 2026ൽ മാത്രം അഭിഷേകിന്റെ സിക്സ് നേട്ടം 68 ആയി. 2022ൽ സൂര്യകുമാർ സ്ഥാപിച്ച റെക്കോർഡിനൊപ്പമാണിത്.
എന്നാൽ വേഗതയിൽ അഭിഷേക് ഏറെ മുന്നിൽ. സൂര്യ ഓരോ 9.13 പന്തിലും ഒരു സിക്സ് എന്ന നിരക്കിൽ ആണ് 68 സിക്സ് നേടിയതെങ്കിൽ അഭിഷേക് ഓരോ 6.55 പന്തിലും ഒരു സിക്സ് എന്ന തകർപ്പൻ നിരക്കിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
30 പന്തിൽ 69 റൺസ് വെടിക്കെട്ട്
റെക്കോർഡ് തികച്ച മത്സരത്തിൽ തന്നെ തകർപ്പൻ ഇന്നിംഗ്സും. വെറും 30 പന്തിൽ 6 ഫോറും 5 സിക്സും സഹിതം 69 റൺസ്.
സഞ്ജു സാംസൺ നേരത്തെ പുറത്തായപ്പോൾ ഇഷാൻ കിഷനുമായി ചേർന്ന് ആക്രമണ കൂട്ടുകെട്ട് തീർത്ത് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഒടുവിൽ ഷമർ സ്പ്രിംഗറിന്റെ റിട്ടേൺ ക്യാച്ചിൽ പുറത്തായി.
അഭിഷേക് പുറത്തായതിന് പിന്നാലെ ഇന്ത്യ മധ്യനിരയിൽ ചെറിയ തകർച്ച നേരിട്ടു, 10 പന്തിൽ 9 റൺസിനിടെ 3 വിക്കറ്റ് പോയി.
എങ്കിലും അവസാന ഓവറിൽ പ്രിൻസ് യാദവ് 13 റൺസ് അടിച്ചതോടെ ടീം 223 റൺസിൽ എത്തി.
ഈ നേട്ടത്തോടെ പവർ ഹിറ്റിംഗ് റെക്കോർഡുകളിൽ അഭിഷേക് ആധിപത്യം തുടരുന്നു. 2025ൽ 54 സിക്സറുമായി ഒരു വർഷം ഏറ്റവും കൂടുതൽ സിക്സ് നേടിയവരിൽ മൂന്നാം സ്ഥാനത്തും അഭിഷേക് തന്നെയാണ്.
ഈ വർഷം ഓപ്പണിംഗ് പങ്കാളി ഇഷാൻ കിഷൻ 52 സിക്സുമായി തൊട്ടുപിന്നിലുണ്ട്. പാകിസ്ഥാന്റെ സാഹിബ്‌സാദ ഫർഹാൻ 2025ൽ 45 സിക്സറുമായി ആദ്യ അഞ്ചിൽ ഇടം നേടിയിട്ടുണ്ട്.