അടിമാലി: ഇരട്ടക്കുട്ടികളുടെ മരണകാരണം വിഷം ഉള്ളില്‍ ചെന്നെന്ന സംശയത്തില്‍ പൊലീസ്. കുട്ടികൾക്ക് പറ്റിയ അബദ്ധമാണെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ തിന്നര്‍ ഉള്ളിൽച്ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നായിരുന്നു പിതാവിന്റെ ആദ്യമൊഴി. എന്നാല്‍ മാതാപിതാക്കള്‍ക്ക് തെറ്റ് പറ്റിയതാകാമെന്ന സംശയത്തിലാണ് പൊലീസ്.ചിതലിനെ കൊല്ലാനുള്ള വിഷത്തിന്റെ കുപ്പി മുറിയില്‍ വീണുകിടക്കുന്നതായി ഇന്നലെ നടന്ന പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
തറയില്‍ പടര്‍ന്ന വിഷത്തില്‍ കുട്ടികള്‍ കൈയ്യിട്ടതിന്റെ പാടുകളുണ്ട്. കുട്ടികൾ കയ്യ് വായിൽ വെച്ചതാകാനും സാധ്യതയുണ്ട്. അതേസമയം അപകടസമയത്ത് കറന്റ് ഇല്ലായിരുന്നെന്ന് പിതാവിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നു. ഒരു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.അടിമാലി വലിയകാട്ടിൽ അഫ്സൽ- സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് കുഞ്ഞുങ്ങളെ ഗുരുതരാവസ്ഥയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുഞ്ഞുങ്ങൾ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ കുടിച്ചതാണ് അപകടത്തിന് കാരണമെന്ന പിതാവിന്റെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇന്നലെ ഇരുവരേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രാഥമിക ചോദ്യംചെയ്യലിനു ശേഷം മാതാപിതാക്കളെ വിട്ടയച്ചിരുന്നു. പോസ്റ്റുമോർട്ടം നടപടികളും ആന്തരികാവയവങ്ങളുടെ പരിശോധനയും പൂർത്തിയായ ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.