കൊൽക്കത്ത : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ച ആക്ടിവിസ്റ്റ് ഗാർഗ ചാറ്റർജിയെ കൊൽക്കത്ത പോലീസിന്റെ സൈബർ ക്രൈം വിങ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇയാൾ ഇവിഎമ്മിനെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചത് . കൊൽക്കത്ത പോലീസ് സൈബർ ക്രൈം ഡിവിഷനിൽ നൽകിയ പരാതിയിൽ, ഗാർഗ ചാറ്റർജി സോഷ്യൽ മീഡിയയിലൂടെയും പൊതു വേദികളിലൂടെയും ഇവിഎമ്മുകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് കമ്മീഷൻ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്ത പോലീസ് സൈബർ ക്രൈം ഡിവിഷൻ അന്വേഷണം വിശദമായി അന്വേഷണം നടത്തിയ ശേഷമാണ് ഗാർഗ ചാറ്റർജിയെ അറസ്റ്റ് ചെയ്തത് . അദ്ദേഹത്തെ നാളെ കോടതിയിൽ ഹാജരാക്കും. ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ നടത്തുകയും ചെയ്തതായി ആരോപിച്ച് ഗാർഗ ചാറ്റർജി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്ക് വച്ചതായി കൊൽക്കത്ത പോലീസ് കമ്മീഷണർ അജയ് നന്ദ് പറഞ്ഞു. ഈ പോസ്റ്റുകൾ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ ആശങ്കകൾ വളർത്തുകയും പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.
ഗാർഗ ചാറ്റർജിക്ക് പോലീസ് രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല. തുടർന്നാണ് കൊൽക്കത്തയിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് . അടുത്തിടെ കൊൽക്കത്തയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ ഗാർഗ ചാറ്റർജി അവിടെയുള്ള ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തതും വിവാദത്തിന് തിരികൊളുത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് നിന്ന് അദ്ദേഹത്തെ ഓടിച്ചിരുന്നു .
ബംഗാളി സ്വത്വം, ബംഗാളി ഭാഷ, ജാതി സംബന്ധിയായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള തന്റെ തീവ്രമായ വീക്ഷണങ്ങൾക്ക് പേരുകേട്ടയാളാണ് ഗാർഗ ചാറ്റർജി. പ്രസ്താവനകളും പോസ്റ്റുകളും കാരണം, അദ്ദേഹം പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ‘ബംഗ്ലാ പോക്കോ’ എന്ന പേരിൽ ഒരു സംഘടനയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.