മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകനും തിരക്കഥാകൃത്തുമാണ് കമല്‍. ‘മിഴിനീര്‍പൂവുകള്‍’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ‘കാക്കൊത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍’, ‘ഉള്ളടക്കം’, ‘മഴയെത്തും മുന്‍പേ’ തുടങ്ങി ഒട്ടനവധി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.


കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി ചിത്രങ്ങളിലൊന്നാണ് ‘പ്രാദേശിക വാര്‍ത്തകള്‍’.
രഞ്ജിത്ത് തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ ജയറാം, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, പാര്‍വതി, സിദ്ദിഖ്, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമുക്കോയ, കുതിരവട്ടം പപ്പു, മാള അരവിന്ദന്‍ തുടങ്ങി മലയാളത്തിലെ പ്രഗല്ഭരായ വലിയൊരു താരനിരയാണ് അണിനിരന്നത്.
ആ ചിരിപ്പിച്ച പ്രണയരംഗത്തിന് പിന്നില്‍
ചിത്രത്തില്‍ കുതിരവട്ടം പപ്പു അവതരിപ്പിച്ച വെളിച്ചപ്പാടും ഫിലോമിന അവതരിപ്പിച്ച നാണിയമ്മയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ തിയേറ്ററുകളിൽ വലിയ ചിരിയാണ് തീർത്തത്.
സിനിമയില്‍ പ്രണയം സാഫല്യമാകാതെ പോയ പഴയ കമിതാക്കളായാണ് ഇരുവരും വേഷമിട്ടത്.


ഇപ്പോഴിതാ ‘ദി ഷോ സ്‌കേപ്പ് ജേണലിന്’ നല്‍കിയ അഭിമുഖത്തില്‍, ഈ ചിത്രത്തിലെ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടയിലുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ കമല്‍.
“പഴയകാലത്തെ സിനിമകളിലൊക്കെ ഫിലോമിന ചേച്ചിയുടെ ഇമേജ് വടിയെടുത്ത് തല്ലുപിടിക്കുന്ന ഒരു അമ്മയുടേതാണ്. എങ്കിലും ചേച്ചിയോട് നമുക്കെല്ലാം ഒരു പ്രത്യേക ഇഷ്ടമുണ്ട്.
എന്റെ ഒരുപാട് സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ‘കാക്കൊത്തിക്കാവിലെ അപ്പൂപ്പന്‍ താടികളിലൊക്കെ’ ചേച്ചിയുണ്ട്.
‘പ്രാദേശിക വാര്‍ത്തകള്‍’ ഷൂട്ട് ചെയ്യുമ്പോള്‍ പപ്പു ചേട്ടനും ഫിലോമിന ചേച്ചിയും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീനുണ്ട്. ആ സമയത്ത് ഒരു നിഷ്‌കളങ്കതയോടെ, ‘കമലേ, ഞാന്‍ ഇതില്‍ എന്ത് ഭാവമാണ് മുഖത്ത് കൊടുക്കേണ്ടത്?’ എന്ന് ചേച്ചി എന്നോട് ചോദിച്ചു.


‘പണ്ട് നിങ്ങളുടെ കാമുകനായിരുന്ന ആളെയാണ് നോക്കുന്നത്’ എന്ന് ഞാന്‍ മറുപടി നല്‍കി. ഉടന്‍ തന്നെ, ‘ഈ പപ്പുവാണോ എന്റെ കാമുകന്‍? ഇവനെ കണ്ടാല്‍ എനിക്ക് അങ്ങനെ ഒരു ഫീലിങ്ങും തോന്നുന്നില്ലല്ലോ’ എന്നായിരുന്നു ചേച്ചിയുടെ മറുചോദ്യം.
‘ചേച്ചി, ഇത് പപ്പുവല്ലല്ലോ, കഥാപാത്രമാണല്ലോ’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ‘എന്നാലും ഈ പപ്പുവിനെ നോക്കി എങ്ങനെയാണ് ഈ പ്രേമമൊക്കെ മുഖത്ത് വരുത്തുക?’ എന്ന് ചോദിച്ച ഒരു ഓര്‍മ എനിക്കിപ്പോഴുമുണ്ട്.
എന്നാല്‍ സിനിമ കഴിയുമ്പോള്‍ ഇവരുടെ ഈ അപൂർവ്വ പ്രണയമാണ് പ്രേക്ഷകരുടെ മനസ്സില്‍ കൂടുതല്‍ നില്‍ക്കുന്നത്,” കമല്‍ ഓര്‍ക്കുന്നു.