• Tue. May 19th, 2026

24×7 Live News

Apdin News

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

Byadmin

May 19, 2026


ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചില്ല
വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ചി
25 ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് ഇല്ല
ആശമാര്‍ക്ക് 3000 രൂപ വര്‍ദ്ധന, 21,000ത്തിന് കാത്തിരിക്കണം

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ കയറിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ വി.ഡി. സതീശന്റെ ഗ്യാരന്റികള്‍ ഉടനില്ല. തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച് രാത്രി വൈകിയും തീരുമാനിക്കാനായില്ല. ആദ്യ ദിനംതന്നെ സതീശന്‍ മന്ത്രിസഭയുടെ നിറം കെടുത്തുന്നതായി വാഗ്ദാന ലംഘനവും വകുപ്പു തര്‍ക്കവും.

വകുപ്പുകളെ സംബന്ധിച്ച് ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളുടെ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. അധികാരത്തില്‍ എത്തിയാല്‍ അഞ്ച് പ്രധാന ഗ്യാരന്റികള്‍ ഉടനെന്നായിരുന്നു തെരഞ്ഞെടുപ്പിനുമുമ്പുള്ള വാഗ്ദാനം.

വകുപ്പുകളില്‍ കെഎസ്ആര്‍ടിസി ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. കോവലം എംഎല്‍എ എം. വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കാത്തതിനാല്‍ ഇടഞ്ഞ് നിന്ന ലത്തീന്‍ കാത്തലിക് വിഭാഗത്തെ മയപ്പെടുത്താന്‍ മുഖ്യമന്ത്രി ബിഷപ് ഹൗസിലെത്തി ചര്‍ച്ച നടത്തിയിരുന്നു. തുറമുഖം, മത്സ്യബന്ധന വകുപ്പുകള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്. മുസ്ലിം ലീഗും ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളും വകുപ്പു വിഭജനത്തില്‍ കാര്യമായി ഇടപെടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. രാത്രി വൈകിയും തീരുമാനത്തിനെത്താനായില്ല.

ആശമാര്‍ക്ക് 21,000 രൂപ നല്‍കുമെന്ന് പറഞ്ഞിട്ട് പ്രതിദിനം നൂറ് രൂപയെന്ന നിലയില്‍ 3000 രൂപയാണ് വര്‍ദ്ധിപ്പിച്ച് നല്‍കിയത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ പൂര്‍ണമായും സൗജന്യ യാത്ര ജൂണ്‍ 15ന് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വ്യക്തമായ പദ്ധതി ഇല്ല. സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരെ പറ്റിച്ചു. 3000 രൂപ നല്‍കുമെന്ന് പറഞ്ഞത് ആദ്യ പ്രഖ്യാപനത്തില്‍ ഇല്ല. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1000 രൂപ ധനസഹായം, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി ഇവയൊന്നും പ്രഖ്യാപിക്കാനായില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഇനിയുമുണ്ടെങ്കിലും വയോജന വകുപ്പ് രൂപീകരിച്ച് തടിതപ്പി. വകുപ്പ് രൂപീകരിക്കുന്നതിനും കടമ്പകള്‍ ഏറെ. മന്ത്രിക്ക് വകുപ്പ് നല്‍കുന്നതല്ലാതെ ചട്ടങ്ങളും മറ്റും ഉണ്ടാക്കുന്നതിന് കാലതാമസം എടുക്കും.

സംസ്ഥാനത്തെ ഖജനാവ് കാലിയാണെന്നും ട്രഷറികളില്‍ പൂച്ച പെറ്റു കിടക്കുന്നെന്നും പറഞ്ഞ് നടന്ന വി.ഡി. സതീശന്‍ അധികാരമേറ്റ ശേഷം പറയുന്നത് സാമ്പത്തികം സംബന്ധിച്ച് ധവള പത്രം ഇറക്കുമെന്ന്.



By admin