
മനുഷ്യന് ഒരു സമൂഹജീവിയാണ്. മറ്റുള്ളവരുമായുള്ള കൊടുക്കല്‍ – വാങ്ങലുകളിലൂടെയാണ് സാമൂഹ്യ ജീവിതം മുന്നോട്ട് പോകുന്നത്. ഇവിടെ മറ്റുള്ളവരുമായുള്ള ഇടപഴകല്‍ അവനില്‍ ദ്വൈതങ്ങളെ സൃഷ്ടിക്കുന്നു. ശരി-തെറ്റുകള്‍, സുഖ-ദുഃഖങ്ങള്‍, ജയ-പരാജയങ്ങള്‍, ലാഭ-നഷ്ടങ്ങള്‍ എന്നിങ്ങനെ ജീവിതം ദ്വൈതബദ്ധമായി തീരുന്നു. ഇത് മനുഷ്യന് മാത്രമുള്ള പ്രത്യേകതയാണ്.
ത്രിഗുണാഹങ്കാരങ്ങളാണ് ദ്വൈതങ്ങളെ സൃഷ്ടിക്കുന്നത്. ‘ഞാന്‍’, ‘എന്റെ’, ‘എനിക്ക്’ എന്നിങ്ങനെയുള്ള സ്വാര്‍ത്ഥ ചിന്തകള്‍ മനസ്സിന് രൂപം നല്‍കുന്നു. സ്വാര്‍ത്ഥ കര്‍മ്മങ്ങളും, കര്‍മ്മഫലാസക്തികളും ഭൂതഭാവികളെ സൃഷ്ടിക്കുന്നു. എന്തും ഏതും സ്വന്തമാക്കുവാനുള്ള ത്വരയും, അത് നഷ്ടപ്പെടുമോ എന്നുള്ള വിചാരവും ആഗ്രഹഭയങ്ങളെ സൃഷ്ടിക്കുന്നു. ഇങ്ങനെ സംസാരം, സംസാരീ, കര്‍മ്മബന്ധങ്ങള്‍ ഇവയ്‌ക്കിടയില്‍ സങ്കല്പവികല്പങ്ങളും, സന്ദേഹങ്ങളും കുമിഞ്ഞുകൂടി സംസാരം കലുഷിതമാകുന്നു. ജീവിതം സങ്കീര്‍ണ്ണമാകുന്നു.
സമ്യക് ദര്‍ശനത്തിലൂടെ മാത്രമേ, ‘ആഗ്രഹഭയങ്ങള്‍’ എന്ന ആസുര ശക്തിയെ ഇല്ലാതാക്കാനാകു. ഇതിന് സ്വയം ആത്മചൈതന്യത്തെ വിശകലനം ചെയ്തറിയണം. ഇത് സാധകന് തിരിച്ചറിവിലൂടെ (അയം ആത്മാ ബ്രഹ്‌മ ) ബോദ്ധ്യപ്പെട്ടു. ഇവിടെ സാധകന്‍ ഒരു ആന്തരിക തീര്‍ത്ഥാടനത്തിന് തയ്യാറാകുന്നു.
പഞ്ചേന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് വിഹരിക്കുന്ന ബഹിര്‍മുഖ മനസ്സിനെ, സാക്ഷീ ഭാവത്തില്‍ സ്വയം നിരീക്ഷിക്കുക. ഇവിടെ സാക്ഷീഭാവം എന്നാല്‍ മുന്‍വിധി ഇല്ലാതെ നിരീക്ഷിക്കുക എന്നാണ്. മുന്‍വിധി ഇല്ലാതെ നിരീക്ഷിക്കുമ്പോള്‍ ആവശ്യവും, അനാവശ്യവുമായ ചിത്തവൃത്തികളെ വിവേചിച്ച് അറിയാനാകും. ഇച്ഛാശക്തി, ശാരീരിക ക്ഷമത, വിവേകബുദ്ധി ഇവ പരിസ്ഥിതി സൗഹൃദമാകുമ്പോള്‍ സമ്യക് ദര്‍ശനം’ഇപ്പോള്‍ ഇവിടെ’ സംഭവിക്കുന്നു. അതായത് നിരീക്ഷിക്കുന്നവന്‍ (ദ്രഷ്ടാവ്) എപ്പോഴും ‘ഇപ്പോള്‍ ഇവിടെ’ തന്നെയാണ് എന്നറിയുക.
ചിത്തവൃത്തികള്‍ എപ്പോഴും ഭൂതഭാവികളില്‍ വന്നും പോയും ഇരിക്കും. ഇത് എല്ലാവരിലും ഒരുപോലെ തന്നെയാണ്. അവയുമായുള്ള ആസക്തിയെ ആണ് ഉപേക്ഷിക്കേണ്ടത്. ‘ഞാന്‍’, ‘എന്റെ’, ‘എനിക്ക്’ എന്നീ താല്പര്യം ജനിപ്പിക്കുന്ന ചിന്തകളുടെ പിന്നാലെ ആസക്തി പൂണ്ടുള്ള സഞ്ചാരം ഒഴിവാക്കുക. സമചിത്തതയോടെ ശാന്തമായി അവയെ നിരീക്ഷിക്കുക. പതിയെ പതിയ അവ ഇല്ലാതാകും. അതായത് അവ എന്റേത് അല്ലാതാകും. തനിയെ കെട്ടടങ്ങും.
ചിന്തകള്‍ അല്ല പ്രധാനം. അവയെ നിരീക്ഷിക്കുന്ന ദ്രഷ്ടാവ്, എന്നിലെ ആത്മചൈതന്യമാണ് ശാശ്വതമായത് എന്ന് സ്വയം ബോദ്ധ്യപ്പെടുന്നു. ഇങ്ങനെ അനാവശ്യ വൃത്തികളിലൂടെ നഷ്ടപ്പെട്ടിരുന്ന ഊര്‍ജ്ജം വീണ്ടെടുത്ത് സംരക്ഷിക്കപ്പെടുന്നു. ഇത് ബുദ്ധിക്ക് കൂടുതല്‍ തെളിമ നല്‍കി, ആത്മീയ ദിശാബോധം വ്യക്തതയുള്ളതാക്കുന്നു.
ശരീരത്തിനും, മനസ്സിനും, ഇന്ദ്രിയങ്ങള്‍ക്കും എല്ലാം ശക്തി നല്‍കുന്നത് എന്നിലെ അടിസ്ഥാന ആത്മചൈതന്യം തന്നെയാണ്. എന്നാല്‍ ‘ഞാന്‍, എന്റെ, എനിക്ക്’ തുടങ്ങിയ സ്വാര്‍ത്ഥ താല്പര്യങ്ങള്‍, ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങളെ അനുഭവിക്കുമ്പോള്‍ ആസക്തികളായി രുപാന്തരപ്പെടുന്നു. വീണ്ടും, വീണ്ടും അനുഭവിക്കാനുള്ള ത്വര, ആത്മ ചൈതന്യത്തെ താല്‍ക്കാലികമായി മറയ്‌ക്കുന്നു. സ്വപ്‌നത്തില്‍ പോലും ഈ ആസക്തികള്‍ ശക്തമായി, ഇന്ദ്രിയ സഹായമില്ലാതെ കയറി വരുന്നു.
ആത്മോന്മുഖമായ ധ്യാന പദ്ധതികളിലൂടെ സാധകന്‍ ഇത് തിരിച്ചറിയുന്നു. അനശ്വരതക്ക് വേണ്ടിയുള്ള അന്വേഷണം സ്വയം ഉള്ളില്‍ തന്നെ സംഭവിക്കുന്നു. ആന്തരിക നിത്യവ്യവസ്ഥയുമായി (നിജസ്ഥിതി) ആത്മീയ താദാത്മ്യം പ്രാപിക്കുന്നു. ദേഹേന്ദ്രിയങ്ങളെ അതിവര്‍ത്തിച്ച് ധാര്‍മ്മികവും, ആദ്ധ്യാത്മികവും, ധൈഷണികവുമായ സര്‍ഗ്ഗാത്മക ഊര്‍ജ്ജം മുഴുവനും മനുഷ്യന്റെ ഉന്നതമായ ആത്മീയതലത്തില്‍ നിന്നാണ് പ്രസരിക്കുന്നത് എന്ന് അവന് ബോധ്യപ്പെടുന്നു.
ഇത് ബോദ്ധ്യപ്പെടുന്ന ധന്യപുരുഷനെ ഉപനിഷത്ത് ‘ധീരന്‍’ എന്ന് വിളിക്കുന്നു. ആഗ്രഹ-ആസക്തികളില്‍ നിന്നും നിവൃത്തിക്കുന്നവന്‍ ധീരന്‍. നേടുന്ന അറിവിന്റെ സ്രോതസ്സിലേക്ക് തുളച്ചിറങ്ങി നിരീക്ഷിക്കുന്നവന്‍ ധീരന്‍. അനുഭവ അറിവുകളുടെ അനിത്യത അറിഞ്ഞ് സ്വയം നിത്യതയിലേക്ക് വ്യാപിക്കുന്നവന്‍ ധീരന്‍. ഇങ്ങനെ സ്വയം ധ്യാനപദ്ധതികളിലൂടെ ആന്തരിക സുസ്ഥിതിയിലേക്ക് വ്യാപിക്കുന്നതാണ് യഥാര്‍ത്ഥ സംസ്‌കാരം എന്ന് സാധകന് ബോധ്യപ്പെടുന്നു. ഈ സന്തുലിതത്വാനുഭവം തലച്ചോറിന് കൊടുക്കുന്ന അന്തഃശീതളത തന്നെയാണ് നിര്‍വ്വാണം. ഇത് തന്നെയാണ് പരമാനന്ദം. ഇത് ഞാന്‍ തന്നെയാണ്. ‘അഹം ബ്രഹ്‌മാസ്മി’.
ഇങ്ങനെ സ്വയം തിരിച്ചറിവിലൂടെ നടപ്പാക്കുന്ന ധ്യാന പദ്ധതികളിലൂടെ സാധകന്‍ ‘അഹം ബ്രഹ്‌മാസ്മി’ നിറവില്‍ സ്വയം ഊര്‍ജ്ജസ്രോതസ്സായി ചുറ്റും മറ്റുള്ളവരിലേക്ക് പകരുവാന്‍ തയ്യാറായി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.