
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 22.10 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. ജനങ്ങളുടെ പണം സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി വിനോജ് പി സെല്‍വം ആരോപിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷന് കീഴില്‍ ഗ്രാമവികസന വകുപ്പിന് അനുവദിച്ച തുകയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി നീക്കിവെച്ച തുകയാണിത്. പ്രാഥമിക അന്വേഷണത്തില്‍, ഒരു സ്വകാര്യ ബാങ്കുമായി സഹകരിച്ച് വികസിപ്പിച്ച പ്രത്യേക പോര്‍ട്ടലില്‍ സൈബര്‍ കുറ്റവാളികള്‍ നുഴഞ്ഞുകയറിയതായും മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി പണം തട്ടിയെടുത്തതായുമായാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രാമവികസനം, അവശ്യ സേവനങ്ങള്‍, പൊതുജനക്ഷേമം എന്നിവയ്‌ക്കായി സാധാരണക്കാര്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ച തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഇത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെയും സുരക്ഷാ പരിശോധനകളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഒരു ഐടി വിഭാഗമുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ അസാധാരണമായതാണ് സംഭവിച്ചിരിക്കുന്നത്. ഒരു നടന്റെ ഫാന്‍ ക്ലബ്ബും അവരുടെ സോഷ്യല്‍ മീഡിയ ഫാന്‍സും ചേര്‍ന്ന്, ഹാഷ്ടാഗുകള്‍ ട്രെന്‍ഡ് ചെയ്യുന്നതില്‍ നിന്ന് മാറി, ഒരു സംസ്ഥാന സര്‍ക്കാരിനെത്തന്നെ നയിക്കുന്ന അവസ്ഥയിലേക്ക് എത്തി!.’ – വിനോജ് പരിഹസിച്ചു.
തട്ടിപ്പുകാര്‍ എങ്ങനെയാണ് ബാങ്കിന്റെ പോര്‍ട്ടലിലേക്ക് പ്രവേശനം നേടിയതെന്നും ഇതില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടോ അതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ന്നതാണോ എന്നും അധികൃതര്‍ പരിശോധിച്ചുവരികയാണ്.