അക്രമ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട, കാലടി സംസ്കൃത സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി എസ്എഫ്ഐ ഫാസിസത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സമരത്തിന്റെ മറവില്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ ആക്രമിക്കുകയും, മതാചാര പ്രകാരം അവരുടെ ശവസംസ്കാരം നടത്തുകയും ചെയ്ത എസ്എഫ്ഐ നേതാക്കളെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്റ് ചെയ്തത്. സ്വാഭാവികമായും ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയുമായിരുന്നില്ല. ഇതിനെതിരെ എസ്എഫ്ഐക്കാര്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങുകയായിരുന്നു. ഇതിനെതിരെയാണ് സര്‍വ്വകലാശാല അപ്പീല്‍ നല്‍കിയത്. സമരത്തിനും അക്രമത്തിനും നേതൃത്വം നല്കിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹാജര്‍ ഇല്ലെന്നും, മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള വിസിയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
വൈസ് ചാന്‍സലറെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്നത് അന്വേഷണത്തെയും സര്‍വകലാശാലയിലെ അന്തരീക്ഷത്തെയും ബാധിക്കുമെന്ന സര്‍വകലാശാലയുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കാലടി സംസ്കൃത സര്‍വകലാശാലയുടെ കാര്യത്തില്‍ മാത്രമല്ല സംസ്ഥാനത്തെ മറ്റ് കലാശാലകള്‍ക്കും ബാധകമാകേണ്ട വിധിയാണിതെന്ന്, ഉന്നത വിദ്യാഭ്യാസ മേഖലയുടെ അപചയത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയാവുന്ന ഏതൊരാളും സമ്മതിക്കും. ഇടതുപക്ഷത്തിന്റെ വക്താക്കളും സിപിഎമ്മിന്റെ അനുചരന്മാരുമായ സര്‍വ്വകലാശാലാ അധ്യാപകരും ഉദ്യോഗസ്ഥരും ഇവരുടെ സംരക്ഷണം ലഭിക്കുന്ന എസ്എഫ്ഐക്കാരും ചേര്‍ന്ന് കലാലയങ്ങളെ അനുദിനമെന്നോണം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന ആരെയും ഇക്കൂട്ടര്‍ ആസൂത്രിതവും സംഘടിതവുമായി കടന്നാക്രമിച്ച് നിശ്ശബ്ദരാക്കും. കോടതികള്‍ പോലും പലപ്പോഴും നോക്കുകുത്തിയായി മാറുന്നതാണ് കണ്ടിട്ടുള്ളത്.
സര്‍വ്വകലാശാലകളില്‍ എന്ത് അതിക്രമങ്ങളും കാണിക്കുക, ഒരോ കലാലയത്തിലും ഇതിനുവേണ്ടി ഒരു സംഘത്തെ വളര്‍ത്തിയെടുക്കുക. ഇതാണ് എസ്എഫ്ഐ പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തിയത്. ഇത്തരം അതിക്രമങ്ങളെ ചോദ്യംചെയ്താല്‍ അവകാശ സമരങ്ങള്‍ എന്നു പറഞ്ഞു ന്യായീകരിക്കും. ഇതിന് അറുതിവരേണ്ട, അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കാന്‍ ഒരു സംഘടനയെയും അനുവദിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം മറയാക്കുന്ന അക്രമികള്‍ക്കുമുന്നില്‍ സര്‍വ്വകലാശാലാ അധികൃതര്‍ നിസ്സഹായരാവരുത്. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടി തങ്ങളുടെ മക്കളുടെ ഭാവി തുലയ്ക്കുന്നവരെ മാതാപിതാക്കളും തിരിച്ചറിയണം.
സംസ്കൃത സര്‍വകലാശാലയില്‍ വി.സി. സിസ തോമസിനെതിരെ നടന്നത് സമരം ആയിരുന്നില്ല, അക്രമമായിരുന്നു. അവരെ എസ്എഫ്ഐക്കാര്‍ അക്രമിച്ചില്ലെന്നാണ് ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. അക്രമികള്‍ എന്താണ് കാട്ടിക്കൂട്ടിയതെന്ന് എല്ലാവരും കണ്ടതാണ്. വിസിയുടെ കയ്യും കാലും തങ്ങള്‍ തല്ലിയൊടിച്ചില്ലല്ലോ എന്നാവും ഇവര്‍ ഉദ്ദേശിക്കുന്നത്. പാലക്കാട് എന്‍ജിനീയറിങ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും ഇതേ സമരമുറ എസ്എഫ്ഐ ഇതിനുമുന്‍പ് നടത്തിയതാണ്. സസ്പെന്റ് ചെയ്യപ്പെട്ടവരെ തിരിച്ചെടുക്കണം, പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നു പറഞ്ഞാണ് മഹാരാജാസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വരെ തടഞ്ഞ് അവിടെ നടന്ന ബിരുദ ദാനച്ചടങ്ങ് അലങ്കോലപ്പെടുത്തിയത് . ഇതൊക്കെ തങ്ങളുടെ അവകാശമാണെന്ന മട്ടിലാണ് ഇക്കൂട്ടര്‍ പെരുമാറുന്നത്. കോടതിയുടെ പുതിയ വിധി ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കനത്ത തിരിച്ചടിയായി.
സസ്പെന്‍ഷനിലായവര്‍ മാപ്പ് എഴുതിക്കൊടുത്താല്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാമെന്ന് സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞതാണ്. രാഷ്ട്രീയ ഹുങ്ക് കാണിച്ച് ഇത് അംഗീകരിക്കാന്‍ എസ്എഫ്ഐക്കാര്‍ വിസമ്മതിച്ചു. ഇതിനിടെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെങ്കില്‍ കുട്ടികളുടെ ഭാവി നശിക്കും എന്ന മുറവിളിയുമായി ചില ‘സാംസ്കാരിക നായകന്മാര്’ രംഗത്തുവന്നു. ഏതു കുട്ടികളെക്കുറിച്ചാണ് ഇവര്‍ ആശങ്കപ്പെടുന്നത്? സര്‍വകലാശാലകളില്‍ പഠിക്കുന്നത് എസ്എഫ്ഐക്കാര്‍ മാത്രമല്ല. സിപിഎമ്മും ഇടതു പാര്‍ട്ടികളും റിക്രൂട്ട് ചെയ്യുന്ന ഒരു വിഭാഗമാണ് അക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നത്. ഇവരെ പിന്തുണയ്ക്കുന്നത് പലതരത്തിലും ലാഭകരമാണെന്ന് കരുതുന്ന സാംസ്കാരിക നായകന്മാര്ക്കും കോടതിവിധി പാഠമാണ്. സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും ഭീഷണിക്ക് വഴങ്ങാതെ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ധീരമായി നിലകൊണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെ വിസിയായി നിയമിച്ചത്. ഇതാണ് ഈ വനിത എസ്എഫ്ഐക്കാരുടെ കണ്ണിലെ കരടാവാന്‍ കാരണം. എന്തായാലും ഭീഷണിക്ക് കീഴടങ്ങാതെ ഈ വൈസ് ചാന്‍സലര്‍ നടത്തിയ നിയമ പോരാട്ടം മാതൃകയാണ്. സര്‍വ്വകലാശാലകളുടെ സ്വതന്ത്രമായ നടത്തിപ്പിനും, വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവിക്കും വേണ്ടി നിലകൊള്ളുന്ന ഈ വൈസ് ചാന്‍സലര്‍, മുഴുവന്‍ കേരളത്തിന്റെയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.