
ഇസ്ലാമാബാദ്: ന്യൂദൽഹിയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ പ്രഥമ ‘സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ’ പങ്കെടുത്തതിന് പിന്നാലെ, അടുത്ത വർഷം ആദ്യം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന എസ്സിഒ സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിലേക്ക് ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നു. 2026-27 കാലയളവിലെ എസ്സിഒ അധ്യക്ഷസ്ഥാനം പാകിസ്ഥാൻ ഏറ്റെടുത്തതിന്റെ ഭാഗമായാണ് ഈ നീക്കം.
നവംബർ 20 മുതൽ 22 വരെ ന്യൂദൽഹിയിൽ നടന്ന എസ്സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പാകിസ്ഥാൻ മന്ത്രി മുസാദിഖ് മാലിക് പങ്കെടുത്തിരുന്നു. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികൾക്കും ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യ സന്ദർശിച്ചത്. ഇതിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിലേക്ക് ഇന്ത്യയെ ക്ഷണിക്കാൻ ഇസ്ലാമാബാദ് തയ്യാറെടുക്കുന്നത്.
പഹൽഗാം ആക്രമണത്തിന് ശേഷം ഒരു ഇന്ത്യൻ മന്ത്രിയും പാകിസ്ഥാൻ സന്ദർശിച്ചിട്ടില്ല. വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ യോഗങ്ങളെ അപേക്ഷിച്ച് സാംസ്കാരിക മന്ത്രിമാരുടെ യോഗം രാഷ്ട്രീയമായി കുറഞ്ഞ സെൻസിറ്റിവിറ്റി ഉള്ളതായാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും സുരക്ഷാ വിഷയങ്ങളിൽ കൃത്യമായ പുരോഗതി ഉണ്ടാകാതെ ഉന്നതതല മന്ത്രിതല പങ്കാളിത്തത്തിന് സാധ്യത കുറവാണെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ 2026 സെപ്റ്റംബറിൽ ഇസ്ലാമാബാദിൽ നടന്ന എസ്സിഒ നാഷണൽ കോർഡിനേറ്റർമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അലോക് ഡിമ്രി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
അതേ സമയം സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിന് പുറമെ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ യോഗങ്ങൾക്കും, 2027 ഓഗസ്റ്റിൽ നടക്കുന്ന എസ്സിഒ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കും പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. നേരത്തെ പാകിസ്ഥാൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14-ന് ഉച്ചകോടി നടത്താൻ ആലോചിച്ചിരുന്നെങ്കിലും, ആ തീയതിയിലാണെങ്കിൽ ഇന്ത്യയുടെ പങ്കാളിത്തം തീരെ ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഉച്ചകോടി ഓഗസ്റ്റ് അവസാനത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയുടെ നിലപാട്
എസ്സിഒ പോലുള്ള ബഹുമുഖ വേദികളിലെ പങ്കാളിത്തം പ്രാദേശിക സഹകരണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത മാത്രമാണെന്നും, അതിനെ ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി ബന്ധത്തിലെ മഞ്ഞുരുക്കമായി കാണേണ്ടതില്ലെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. കൂടാതെ പഹൽഗാം ആക്രമണത്തിന് ശേഷം മരവിപ്പിച്ച സിന്ധു നദീജല കരാർ അടക്കമുള്ള വിഷയങ്ങളിൽ മുൻനിലപാടിൽ മാറ്റമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.