• Sun. Jul 12th, 2026

24×7 Live News

Apdin News

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

Byadmin

Jul 12, 2026


ചെന്നൈ: ആറു പതിറ്റാണ്ടിലേറെ ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ സ്വരമാധുര്യത്താൽ സമ്പന്നമാക്കിയ ഇതിഹാസ ഗായിക എസ്. ജാനകിക്ക് ഇന്ന് രാജ്യം അന്ത്യാഞ്ജലി അർപ്പിക്കും. ശനിയാഴ്ച വൈകിട്ട് 7.30ന് മൈസൂരിലെ അപ്പോളോ ബി.ജി.എസ് ആശുപത്രിയിൽ അന്തരിച്ച ജാനകിയുടെ ഭൗതികശരീരം ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് 4.30ന് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. മൈസൂരിൽ തന്നെ സംസ്കരിക്കണമെന്നത് ജാനകിയുടെ അന്ത്യാഭിലാഷമായിരുന്നു.

ആയിരക്കണക്കിന് ആരാധകരും സംഗീത-സിനിമാ രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കുമെന്നതിനാൽ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പ്രത്യേക പവിലിയൻ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വി.ഐ.പി സന്ദർശകർക്കായി പ്രത്യേക സംവിധാനവും പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി നഗരത്തിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ജാനകിയുടെ നിര്യാണവിവരം കൊച്ചുമകൾ അപ്സര വിദ്യുലയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30ഓടെ അന്ത്യം സംഭവിച്ചു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അപ്സര അഭ്യർഥിക്കുകയും ചെയ്തു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ സംഗീതലോകത്തെ അപൂർവ പ്രതിഭകളിൽ ഒരാളായിരുന്നു. മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ സ്വന്തമാക്കിയ അവർ വിവിധ സംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങളും നേടി. 2013ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണന ചൂണ്ടിക്കാട്ടി സ്വീകരിക്കാതിരുന്നതും ജാനകിയുടെ നിലപാടിന്റെ ഉദാഹരണമായി ഇന്നും ഓർക്കപ്പെടുന്നു.



By admin