തിരുവനന്തപുരം: മുഖ്യമന്ത്രി ആയിരിക്കെ പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരളയാത്രയെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഗണ്‍മാന്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ തല്ലിച്ചതച്ചകേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി.എം ആര്‍ അജിത് കുമാറിനെതിരെ എന്ത് നടപടി വേണമെന്ന് ഇനി ആഭ്യന്തര വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും തീരുമാനിക്കാം
ആലപ്പുഴയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നവകേരളയാത്രയ്‌ക്ക് നേരെ കരിങ്കൊടി കാട്ടിയത്.യു ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായിയുടെ ഗണ്‍മാന്‍ അടക്കമുളളവരെ സസ്പന്‍ഡ് ചെയ്യുകയും ചെയ്തു.
നേരത്തേ നടന്ന അന്വേഷണത്തില്‍ ഗണ്‍മാന്‍ അടക്കം പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ എ ഡി ജി പി അജിത്കുമാര്‍ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.എന്നാല്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പി റിപ്പോര്‍ട്ട് മടക്കിയെങ്കിലും പെട്ടെന്ന് തന്നെ എസ് ഐ ടി തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കി.അജിത്കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തിയാണ് വീണ്ടും ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.ഈ റിപ്പോര്‍ട്ടാണ് ഡി ജി പി ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.
നേരത്തേ ഡി ജി പി റിപ്പോര്‍ട്ട് ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും തുടര്‍ നടപടി സ്വീകരിക്കാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.എ ഡി ജി പി അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിക്കും വരെ നടപടി ഒഴിവാക്കുകയാണെന്നാണ് വിമര്‍ശനം.