മലപ്പുറം: വഖ്ഫ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് കേരള മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം. വഖ്ഫ് ബോര്‍ഡിന്‌റെ കാര്യത്തില്‍ ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ബോര്‍ഡിന്റെ സ്വയംഭരണാവകാശത്തെയും വഖ്ഫ് സ്വത്തുക്കളുടെ നിയമപരമായ സംരക്ഷണത്തെയും ദുര്‍ബലപ്പെടുത്തുന്നതാണെന്ന് മഹല്ല് കൂട്ടായ്‌മ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 24 ന് ജുമുഅ നിസ്‌കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ കൂട്ടായ്‌മ ആഹ്വാനം ചെയ്തു.
എല്ലാ മഹല്ല് ഇമാമുമാരും ജമാഅത്ത് ഭാരവാഹികളും വിശ്വാസി സമൂഹവും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വഖ്ഫ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ ഇതര മതവിഭാഗങ്ങളുടെ ഇടപെടലിന് വഴിയൊരുക്കുന്ന ഏതൊരു നീക്കവും മുസ്ലിം സമൂഹം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കൂട്ടായ്‌മ വ്യക്തമാക്കി.