മുംബൈ: പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടിയുടെ (ChatGPT) സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന ആക്ഷേപത്തിന് പിന്നാലെ വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബോംബെ ഐഐടിയിലെ (IIT Bombay) രണ്ടാംവർഷ എനർജി സയൻസ് എൻജിനിയറിങ് വിദ്യാർഥിയായ സാഹിൽ വാകോഡെയുടെ മരണത്തിലാണ് വിദ്യാർഥികൾ ക്യാമ്പസിൽ വൻ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ഭീഷണിയും മാനസിക സമ്മർദ്ദവുമാണ് മരണത്തിന് കാരണമെന്ന് സഹപാഠികളും കുടുംബവും ആരോപിക്കുന്നു.
സംഭവം ഇങ്ങനെ
കഴിഞ്ഞദിവസം നടന്ന പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സാഹിലിനെ അധ്യാപകർ പിടികൂടിയത്. തുടർന്ന് അധ്യാപകനും വകുപ്പ് മേധാവിയും ചേർന്ന് വിദ്യാർഥിയെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു.
എന്നാൽ കോപ്പിയടി പിടികൂടിയെങ്കിലും വിദ്യാർഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി കൗൺസിലിംഗ് നൽകി മടക്കി അയക്കുകയായിരുന്നു എന്നുമാണ് ഐഐടി അധികൃതരുടെ വിശദീകരണം.
ഇതിന് പിന്നാലെ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ സാഹിലിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിദ്യാർഥികളുടെയും കുടുംബത്തിന്റെയും ആരോപണങ്ങൾ
അധികൃതരുടെ വിശദീകരണം തള്ളിക്കൊണ്ട് കടുത്ത പ്രതിഷേധവുമായി സഹപാഠികൾ രംഗത്തെത്തി. കോപ്പിയടിക്കാൻ ശ്രമിച്ചെന്ന പേരിൽ സാഹിലിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിദ്യാർഥികളുടെ ആരോപണം.
സസ്പെൻഷൻ ലഭിച്ചാൽ ഹോസ്റ്റലിൽ തുടരാനാകില്ലെന്നും നാലുവർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ അഞ്ചുവർഷമെടുക്കുമെന്നുമുള്ള ആശങ്കയാണ് സാഹിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികൾ പറയുന്നു.
സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കാമ്പസിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചു.അധ്യാപകരുടെ പീഡനമാണ് മകന്റെ ജീവനെടുത്തതെന്ന് സാഹിലിന്റെ മാതാവും ആരോപിച്ചിട്ടുണ്ട്.
ക്യാമ്പസിലെ തുടർച്ചയായ ദുരന്തങ്ങൾ
കഴിഞ്ഞ ഏഴുമാസത്തിനിടെ ബോംബെ ഐഐടി കാമ്പസിൽ ജീവനൊടുക്കുന്ന മൂന്നാമത്തെ വിദ്യാർഥിയാണ് സാഹിൽ. കഴിഞ്ഞ ഫെബ്രുവരിയിലും ജൂലൈയിലും സമാനമായ രീതിയിൽ വിദ്യാർഥികൾ ജീവനൊടുക്കിയ സംഭവങ്ങൾ ക്യാമ്പസിൽ വലിയ ചർച്ചയായിരുന്നു.
തുടർച്ചയായുള്ള ഇത്തരം സംഭവങ്ങളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കാമ്പസിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിദ്യാർഥി പ്രതിനിധികളും ഐഐടി ഭരണകൂടവും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)