• Sun. Sep 20th, 2026

24×7 Live News

Apdin News

ടി-20 ലോകകപ്പിലെ ആ വിസ്മയത്തിന് 19 വർഷം; യുവരാജിന്റെ സിക്സർ മഴയിൽ തകർന്നടിഞ്ഞ ബ്രോഡ്

Byadmin

Sep 19, 2026


ഡർബൻ:ക്രിക്കറ്റ് ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ആവേശകരമായ മുഹൂർത്തങ്ങളിലൊന്നിന് ഇന്ന് കൃത്യം 19 വയസ് തികയുന്നു. 2007 സെപ്റ്റംബർ 19-ന് ദക്ഷിണാഫ്രിക്കയിലെ ഡർബൻ കിങ്‌സ്‌മേഡിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന പ്രഥമ ടി-20 ലോകകപ്പ് മത്സരവും, അവിടെ പിറവിയെടുത്ത ലോക റെക്കോഡും ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും ഓർമ്മയിലുണ്ടാകും.

അന്നത്തെ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസം യുവരാജ് സിംഗ് ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ അടിച്ചുകൂട്ടിയ ആറ് സിക്സറുകൾ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഒന്നായിരുന്നു.

ബ്രോഡിന്റെ നെഞ്ചത്ത് തീർത്ത ആറ് സിക്സറുകൾ

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ സ്റ്റുവർട്ട് ബ്രോഡ് തന്റെ കരിയറിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത അധ്യായമാണ് അന്ന് അരങ്ങേറിയത്. മത്സരത്തിനിടെ ഇംഗ്ലീഷ് താരങ്ങളായ ആൻഡ്രൂ ഫ്ലിന്റോഫുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ കടുത്ത ദേഷ്യമെല്ലാം യുവരാജ് തീർത്തത് യുവതാരമായിരുന്ന ബ്രോഡിന്റെ ഓവറിലായിരുന്നു.

ആ ഓവറിലെ ആറ് പന്തുകളും അതിർത്തി കടത്തി യുവരാജ് അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടുന്ന ആദ്യ താരമായി മാറി. മത്സരത്തിന്റെ ആദ്യ മൂന്ന് ഓവറുകളിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത ബ്രോഡ്, തന്റെ അവസാന ഓവറിൽ 36 റൺസാണ് വഴങ്ങിയത്.

ഒടുവിൽ നാല് ഓവറിൽ ഒരു വിക്കറ്റ് പോലും നേടാനാവാതെ 60 റൺസാണ് ബ്രോഡിന് വിട്ടുകൊടുക്കേണ്ടിവന്നത്. കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ യുവരാജിന്റെ ബാറ്റിൽ നിന്ന് ഏറ്റുവാങ്ങിയ ആ പ്രഹരം ബ്രോഡിന്റെ കരിയറിലെ ഒരു കറുത്ത ഏടായി മാറി.

പിന്നീട് 2023 ജൂലൈ 29-ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ബ്രോഡ്, ഇംഗ്ലണ്ടിനായി മൂന്ന് ഫോർമാറ്റുകളിലുമായി 344 മത്സരങ്ങളിൽ നിന്ന് 847 വിക്കറ്റുകൾ വീഴ്ത്തിയാണ് പടിയിറങ്ങിയത്.

തകർക്കപ്പെടാത്ത റെക്കോർഡുകൾ പിറന്ന ദിവസം

അന്ന് ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് നടത്തിയ വെടിക്കെട്ട് പ്രകടനം റെക്കോഡുകളുടെ പെരുമഴയാണ് തീർത്തത്. നേരിട്ട 12-ാം പന്തിൽ തന്നെ കരിയറിലെ വേഗമേറിയ അർധശതകം പൂർത്തിയാക്കിയ യുവി, ആകെ 16 പന്തിൽ നിന്ന് 58 റൺസാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധശതകമെന്ന റെക്കോർഡ് ഏറെക്കാലം യുവരാജിന്റെ പേരിലായിരുന്നു.

പിന്നീട് 2023-ൽ നേപ്പാൾ താരം ദീപേന്ദ്ര സിംഗ് ഐറി ഒമ്പത് പന്തിൽ ഫിഫ്റ്റി നേടി ഈ റെക്കോർഡ് സ്വന്തമാക്കുന്നതുവരെ യുവരാജ് തന്നെയായിരുന്നു ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മംഗോളിയക്കെതിരായ മത്സരത്തിൽ ക്രീസിലെത്തിയ ശേഷം നേരിട്ട ആദ്യ ഒമ്പത് പന്തും സിക്സറടിച്ചാണ് ഐറി ചരിത്രം കുറിച്ചത്.

എങ്കിലും, ക്രിക്കറ്റ് ചരിത്രത്തിൽ യുവരാജ് സിംഗും സ്റ്റുവർട്ട് ബ്രോഡും ഏറ്റുമുട്ടിയ ആ ഡർബൻ രാവ് ഇന്നും ആരാധകരുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു.







By admin